മഴ ശക്തം, വണ്ടിപ്പെരിയാർ എയർ സ്ട്രിപ്പ് തകർന്നു, മുല്ലപ്പെരിയാറിൽ 135.8 അടി വെള്ളം

ഇടുക്കി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്ട്രിപ്പിൻറെ റൺവേയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു. റൺവേയുടെ വശത്തുള്ള ഷോൾഡറിൻറെ ഭാഗമാണ് ഒലിച്ചു പോയത്. നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമെന്നു പറയുന്നു. എൻസിസിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് നിർമ്മിച്ചിരിക്കുന്നത്.
അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.80 അടിക്ക് മുകളിലെത്തി. മഴയും നീരൊഴുക്കും കുറഞ്ഞതോടെ ജലനിരപ്പുയരുന്നത് സാവധാനത്തിലായിട്ടുണ്ട്. സെക്കൻറിൽ 2600 ഘനയടിയോളം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോൾ 1867 ഘനയടി വീതമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂൾ കർവ് അനുസരിച്ച് 136.50 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്നും കൂടുതൽ മഴ പെയ്യുക. തെക്കൻ കേരളത്തിൽ ഇടവിട്ട് മഴ കിട്ടിയേക്കും. ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് സത്രം എയർ സ്ട്രിപ്പിലെ വൻ മണ്ണിടിച്ചിലിന് കാരണമായത്. റൺവേയുടെ വലത് ഭാഗത്തെ മൺതിട്ടയോടൊപ്പം ഷോൾഡറിൻറെ ഒരു ഭാഗവും തകർന്നു. നൂറ് മീറ്ററിലധികം നീളത്തൽ 150 അടിയോളം താഴ്ചയിലേക്കാണ് ടാറിംഗ് ഇടിഞ്ഞ് താണത്. ഇടിഞ്ഞ് പോയതിൻറെ ബാക്കി ഭാഗത്ത് വലിയ വിള്ളലും വീണിട്ടുണ്ട്. കുന്നിടിച്ചു നിരത്തി നിർമ്മിച്ച റൺവേയ്ക്ക് മതിയായ സംരക്ഷണ ഭിത്തി നിർമ്മിക്കാത്തത്താണ് മണ്ണിടിച്ചിലിന് കാരണം. മുമ്പും ഇവിടെ മണ്ണിടിഞ്ഞിരുന്നു. ഇത് തടുന്നതിനുളള നടപടികൾ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചില്ല. ഒപ്പം റൺവേയിലെത്തുന്ന വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള സംവിധാനവും ഒരുക്കിയില്ല. വൻതോതിൽ വെള്ളം കെട്ടിക്കിടന്നതും മണ്ണിടിച്ചിലിനു കാരണമായി.

Exit mobile version