കൊച്ചി: അന്തരീക്ഷച്ചുഴി കൂടുതൽ ശക്തമായി തുടരുന്നതിനിടെ സംസ്ഥാന വ്യാപകമായി മഴയുടെ തീവ്രത കുറഞ്ഞു. അതേ സമയം അണക്കെട്ടുകളിലേക്കെല്ലാം ശക്തമായ നീരൊഴുക്കുണ്ട്. പ്രധാന അണക്കെട്ടുകളെല്ലാം തുറന്നു വിട്ടിരിക്കുകയാണ്. ഇടുക്കി, തെന്മല എന്നീ അണക്കെട്ടുകളിൽ നിന്ന് ഇന്നും കൂടുതൽ ജലം തുറന്നുവിടും. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138.85 അടിയിലെത്തി. പുറത്തേക്കൊഴുകുന്നതിനെക്കാൾ കൂടുതൽ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
ഇടമലയാർ അണക്കെട്ട് നിറഞ്ഞു. 163 മീറ്റണാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇന്ന് രാത്രിയോ നാളെ പുലർച്ചെയോ അണക്കെട്ടു തുറന്നേക്കും, സെക്കൻഡിൽ 50,000 ലിറ്റർ മുതൽ ഒരു ലക്ഷം ലിറ്റർ വരെ വെള്ളെ തുറന്നു വിടാനാണ് തുടക്കത്തിൽ ആലോചിക്കുന്നത്. ഭൂതത്താൻ കെട്ട് അണക്കെട്ടും തുറക്കാൻ സാധ്യത. പെരിയാറിൽ ജലനിരപ്പ് ഉയരുന്നുണ്ട്.
മുല്ലപ്പെരിയാറിലെ വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ആശങ്കാജനകാം വണ്ണം ഉയരുകയാണ്. ഇന്നു രാവിലെ 2385.18 അടിയാണ് ജലനിരപ്പ്. 9 ലക്ഷം ഘടനയടി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. ബാണാസുര സാഗർ അണക്കെട്ടിന്റെ ജനിരപ്പ് അപകടനിലയിലെത്തി. ഏതു നിമിഷവും അണക്കെട്ട് തുറക്കുന്ന സാഹചര്യമണുള്ളത്. ഇടുക്കി അണക്കെട്ടിൽ നിന്ന് ഇന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടേക്കും. കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിക്കാൻ തീരുമാനിച്ചത്. സെക്കന്‍റില്‍ രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം വരെ തുറന്നു വിടാനാണ് റൂള്‍ കര്‍വ് കമ്മറ്റി അംഗീകാരം നൽകിയിരിക്കുന്നത്. നിലവിൽ മൂന്നു ഷട്ടറുകളിലൂടെ സെക്കൻറിൽ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്.
ഈ ഷട്ടറുകൾ കൂടുതൽ ഉയർത്തിയായിരിക്കും അധിക ജലം തുറന്നു വിടുക. അണക്കെട്ടിലേക്ക് ഒഴുകി എത്തിയ വെള്ളത്തിന്‍റെയും വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെയും അളവ് പരിഗണിച്ചായിരിക്കും തുറന്നു വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. തുറന്നു വിടേണ്ട വന്നാൽ അദ്യ ഘട്ടത്തിൽ 1,50,000വും സ്ഥിതി നിരീക്ഷിച്ച ശേഷം രണ്ടു ലക്ഷവുമായിട്ടായിരിക്കും പരിധി ഉയർത്തുക. മുല്ലപ്പെരിയാറിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവും ഇന്നലെ 3230 ഘനയടിയായി വർധിപ്പിച്ചിരുന്നു.
കൊല്ലം ജില്ലയിലെ തെന്മല അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും ഒരു മീറ്റർ വീതം ഉയർത്തി. കല്ലടയാറിൽ ജലനിരപ്പുയരാൻ സാധ്യതയള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.