മണ്ഡലപൂജ കണ്ടുതൊഴുത് ആയിരങ്ങള്‍ മലയിറങ്ങി.

ശബരിമല: മണ്ഡലകാലത്തിന്റെ നാല്‍പ്പത്തിയൊന്ന് ദിവസത്തെ തീര്‍ഥാടക പ്രവാഹത്തിന് സമാപനംകുറിച്ച് നടന്ന മണ്ഡലപൂജ കണ്ടുതൊഴുത് ആയിരങ്ങള്‍ മലയിറങ്ങി. തങ്കഅങ്കി ചാര്‍ത്തി വിഭൂഷിതമായ അയ്യപ്പവിഗ്രഹം കാണാന്‍ ചൊവ്വാഴ്ചയും സന്നിധാനത്ത് തീര്‍ഥാടക തിരക്കുണ്ടായി. കോവിഡ് നിയന്ത്രണങ്ങള്‍ തീര്‍ത്ത ഇടവേളയ്ക്കുശേഷം എത്തിയ മണ്ഡലകാലം തീര്‍ഥാടക ലക്ഷങ്ങളെയാണ് ശബരി സന്നിധിയിലേക്ക് സ്വീകരിച്ചത്. മണ്ഡലകാലത്തിനു സമാപനംക്കുറിച്ച് പകല്‍ 12.30നും ഒന്നിനുമിടയില്‍ മീനം രാശി മുഹൂര്‍ത്തത്തില്‍ കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് മണ്ഡലപൂജ നടന്നത്. തുടര്‍ന്ന് ഇരുപത്തിയഞ്ച് കലശവും കളഭാഭിഷേകവും നടത്തി.

ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍, അംഗം അഡ്വ. എസ് എസ് ജീവന്‍, സ്പെഷ്യല്‍ കമീഷണര്‍ മനോജ്, ആലപ്പുഴ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, എഡിജിപി എം ആര്‍ അജിത്കുമാര്‍, എക്‌സിക്യൂട്ടിവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാര്‍ തുടങ്ങിയവരും നിരവധി തീര്‍ഥാടകരും മണ്ഡലപൂജയ്ക്ക് സാക്ഷികളായി. പ്രസാദം വാങ്ങാനും വിഗ്രഹം കാണാനുമായി തീര്‍ഥാടകര്‍ തിക്കിത്തിരക്കി. മണ്ഡലപൂജയെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 11 വരെയായിരുന്നു നെയ്യഭിഷേകം. പിന്നീട് പടിചവിട്ടിയ തീര്‍ഥാടകര്‍ ആടിയശിഷ്ടം നെയ്യും മറ്റു പ്രസാദങ്ങളും വാങ്ങിയാണ് മലയിറങ്ങിയത്.

Exit mobile version