ഭൂനിയമഭേദഗതി ; കുരുക്കഴിഞ്ഞു , ആശ്വാസത്തിൽ കുടിയേറ്റ കർഷകർ.

ചെറുതോണി  :ആറുപതിറ്റാണ്ടിലേറെ നീണ്ടുനിന്ന നിയമകുരുക്കിൽനിന്ന്‌ മോചിതരായതിന്റെ ആശ്വാസത്തിൽ കുടിയേറ്റ കർഷകർ. കോൺഗ്രസ് കൊണ്ടുവന്ന കിരാതവും കർഷകവിരുദ്ധവുമായ ഭൂപതിവുചട്ടം എൽഡിഎഫ്‌ സർക്കാർ ജനങ്ങൾക്കായി മാറ്റിയെഴുതിയതാണ്‌ ഇവർക്ക്‌ പുതുജീവനേകിയത്‌.  62 വർഷം കുരുക്കുമുറുക്കിനിന്ന നിയമത്തെയാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച ചേർന്ന ഉന്നതതലയോഗം പിഴുതെറിയാൻ തീരുമാനിച്ചത്‌.

കോൺഗ്രസ്‌ നേതാക്കളും ദേവികുളത്തെ ഭൂമാഫിയയുംനൽകിയ ഹർജിയിൽ 2021 ജൂലൈ 29ന്‌ ഹൈക്കോടതി 1964ലെ ഭൂപതിവ്‌ ചട്ടം സംസ്ഥാനത്തിന്‌ ബാധകമാക്കി. ഇതോടെ കാർഷികാവശ്യത്തിനുള്ള ഭൂമിയിൽ വ്യാവസായിക നിർമാണം സാധ്യമാകാതെയായി.  ഇത്‌ ഏറ്റവും കൂടുതൽ ബാധിച്ചത്‌ മലയോര കർഷകരെയാണ്‌. നിർമാണനിരോധനം ക്രയവിക്രയങ്ങളെയും ബാധിച്ചു. വേണമെങ്കിൽ വീടുവച്ചും കൃഷിചെയ്തും ജീവിച്ചുകൊള്ളൂ എന്ന് തിട്ടൂരംനൽകിയ ഏറ്റവും പ്രതിലോമകരമായ ഭൂപതിവുനിയമമാണ്‌ മാറ്റുന്നത്.  നിയമഭേദഗതിയിലൂടെ സർവതല സ്പർശിയായ  വികസനകുതിപ്പിന് സംസ്ഥാനവും ഇടുക്കിയും സാക്ഷ്യംവഹിക്കും.

യുപിഎ സർക്കാർ ആസിയാൻ കരാറിൽ ഒപ്പുവച്ചതോടെ  ഏലം, കുരുമുളക്, കാപ്പി, ജാതി തുടങ്ങിയ നാണ്യവിളകളുടെയെല്ലാം വിലയിടിഞ്ഞു. വളം കീടനാശിനികളുടെ വില നിയന്ത്രണം കേന്ദ്രസർക്കാർ എടുത്തുകളഞ്ഞതോടെ ഉൽപാദനചെലവും വൻതോതിൽ  വർധിച്ചു. വിലത്തകർച്ചയും വിളവില്ലായ്മയും മൂലം  കർഷകർ കടുത്ത പ്രതിസന്ധിയിലായി. കൃഷിയോടൊപ്പം അനുബന്ധ മേഖലകളിലേക്ക് മാറാൻ ശ്രമിച്ചപ്പോഴാണ്‌ ഭൂപതിവ് നിയമം കർഷകരെ  വരിഞ്ഞുമുറുക്കിയത്‌. ചെറിയകടകൾപോലും തുടങ്ങാനാകാതായി. ക്ഷീരകർഷകർക്ക് ഫാമുകളുൾപ്പെടെ ആരംഭിക്കാനായില്ല.  മറ്റൊരു വരുമാന മാർഗമായ ടൂറിസം മേഖലയും നിശ്ചലമായി. സ്ഥലം വിൽപനകൾ നടക്കാതായി, വീടുൾപ്പെടെ കെട്ടിട–- റോഡ്‌ നിർമാണങ്ങൾ നിലച്ചതോടെ നിർമാണ തൊഴിലാളികളും  പ്രയാസത്തിലായി. ഈ ജീവിത അനിശ്‌ചിതത്വത്തിനാണ്‌ എൽഡിഎഫ്‌ സർക്കാർ പരിഹാരം കണ്ടത്‌.

ആരാധനാലയങ്ങൾ, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ, ഹോംസ്റ്റേകൾ, ഫാമുകൾ, ചെറുകിട വ്യവസായങ്ങൾ കൃഷി അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം പുതിയ നിയമഭേദഗതിയിലൂടെ തുടക്കമാകും. മലയോരകർഷകന് ഇതോടെ സ്വന്തം മണ്ണിൽ തലയുയർത്തി നിൽക്കാം, അഭിമാനത്തോടെ ജീവിക്കാം.

Exit mobile version