ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും…’ ഇതാണ് സത്യപ്രതിജ്ഞയിലെ ആ വാചകം

തിരുവനന്തപുരം: ഭരണഘടനയേയും കോടതികളേയും രൂക്ഷമായി വിമര്‍ശിച്ച മന്ത്രി സജി ചെറിയാന്റെ പ്രസംഗം വലിയ വിവാദമായിരിക്കുകയാണ്. ഭരണഘടനയെ മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് എംഎല്‍എയും മന്ത്രിയും ആയ ഒരാള്‍ അതേ ഭരണഘടനയെ ഇത്തരത്തില്‍ തള്ളിപ്പറയുന്നത് ഗുരുതരമായ പ്രശ്‌നം തന്നെയാണ്. ഭരണഘടനയെ തള്ളിപ്പറഞ്ഞ സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് താഴെ പറയുന്ന വാചകങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു.

‘…. ആയ ഞാന്‍, നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും, ഞാന്‍ കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടും മനസാക്ഷിയെ മുന്‍നിര്‍ത്തിയും നിര്‍വഹിക്കുമെന്നും ഭരണഘടനയും നിയമവും അനുസരിച്ച് ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ തരത്തിലുള്ള ജനങ്ങള്‍ക്കും നീതി ചെയ്യുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.’

‘…. ആയ ഞാന്‍, കേരള സംസ്ഥാനത്തിലെ ഒരു മന്ത്രി എന്ന നിലയില്‍ എന്റെ പരിഗണനയില്‍ കൊണ്ടുവരുന്നതോ എന്റെ അറിവില്‍ വരുന്നതോ ആയ ഏതെങ്കിലും വിഷയം, അങ്ങനെയുള്ള മന്ത്രി എന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യങ്ങളുടെ മുറപ്രകാരമുള്ള നിര്‍വഹണത്തിന് ആവശ്യമാകുന്നതൊഴികെ ഞാന്‍ ഏതെങ്കിലും ആള്‍ക്കോ ആളുകള്‍ക്കോ, നേരിട്ടോ നേരിട്ടല്ലാതെയോ അറിയിച്ചു കൊടുക്കുകയോ വെളിപ്പെടുത്തിക്കൊടുക്കുകയോ ചെയ്യില്ലെന്ന് സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.’

മതേതരത്വത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും പ്രസംഗത്തില്‍ സജി ചെറിയാന്‍ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിക്കഴിഞ്ഞു. 

‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതി വച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയാണെന്ന് ഞാന്‍ പറയും. ഇതിന്റെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതി വച്ചുവെന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശം’- സജി ചെറിയാന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു.

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന്‍ രാജിവയ്ക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് വന്നുകഴിഞ്ഞു. ഈ വിഷയത്തില്‍ പ്രതിരോധം തീര്‍ക്കുക എന്നത് സര്‍ക്കാരിനും സിപിഎമ്മിനും അത്ര എളുപ്പമാവില്ല. സജി ചെറിയാന്‍ രാജിവച്ചില്ലെങ്കില്‍ നിയമ പോരാട്ടവുമായി നീങ്ങുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കിയിരിക്കുന്നത്. മല്ലപ്പള്ളിയില്‍ ‘പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍’ എന്ന പരിപാടിയില്‍ ആയിരുന്നു സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. 

Exit mobile version