തലശേരി
ബോംബുനിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്‌എസുകാരന്റെ ഇരുകൈപ്പത്തിയും ചിതറി. എരഞ്ഞോളിപ്പാലത്തിനടുത്ത കച്ചുമ്പ്രത്തുതാഴെ ശ്രുതി നിലയത്തിൽ വിഷ്‌ണു (20)വിന്റെ കൈപ്പത്തികളാണ് തകർന്നത്.
ശരീരമാകെ മാരകമായി പരിക്കേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കൈപ്പത്തി പൂർണമായും മറ്റേ കൈയുടെ വിരലുകളും ചിതറി. ചൊവ്വ രാത്രി 12 മണിയോടെയാണ് അത്യുഗ്ര സ്ഫോടനമുണ്ടായത്. തലശേരി പൊലീസ് കേസെടുത്തു.
വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ ബോംബ് നിർമിക്കുമ്പേഴാണ് പൊട്ടിത്തെറിച്ചത്. കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്‌ക്കുശേഷമാണ് വിഷ്‌ണുവിനെ കോഴിക്കോട്ടേക്ക് മാറ്റിയത്. സംഭവസ്ഥലം തലശേരി എഎസ്‌പി അരുൺ കെ പവിത്രൻ, തലശേരി എസ്‌എച്ച്‌ഒ എം അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ബോംബിന്റെ അവശിഷ്‌ടങ്ങൾ പരിശോധനക്ക് കസ്‌റ്റഡിയിലെടുത്തു.
ബോംബുനിർമാണത്തിൽ സഹായികളായ ചിലർക്കുകൂടി പരിക്കേറ്റതായി സൂചനയുണ്ട്. സമീപത്തെ സിസിടിവി കാമറ പൊലീസ് പരിശോധിക്കും. ഏതാനും ദിവസമായി രാത്രികാലത്ത് ഇവിടെ സ്‌ഫോടനമുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വിഷുക്കാലമായതിനാൽ, പടക്കമാണെന്നാണ് കരുതിയത്. വീടാക്രമണം, പൊലീസിനെ ബോംബെറിയൽ, വിദ്യാർഥിനിയെ ഉപദ്രവിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്‌ണു.