ബഫർസോൺ; 2019ലെ മന്ത്രിസഭാ തീരുമാനം റദ്ദാക്കില്ലെന്ന് സർക്കാർ

തിരുവനന്തപുരം: സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള കരുതൽ മേഖല സംബന്ധിച്ച 2019 ലെ മന്ത്രിസഭ തീരുമാനം റദ്ദാക്കില്ലെന്ന് സർക്കാർ. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മന്ത്രി സഭ തീരുമാനം റദ്ദാക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കിരുന്നുവെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായാണ് പുതിയ നിലപാട്.   2020 ലെ മന്ത്രി തല സമിതി ‘ജനവാസ മേഖലകൾ ഒഴിവാക്കി’ എന്ന ദേഭഗതി വരുത്തിയെന്ന്  മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. ഈ മന്ത്രി തല സമിതി തീരുമാനത്തിന് 2020 ൽ മന്ത്രി സഭ സാധൂകരണം നൽകി. അതിനാൽ  മന്ത്രിസഭ തീരുമാനം തിരുത്തേണ്ടതില്ലെന്ന് മന്ത്രി ശശീന്ദ്രൻ വ്യക്തമാക്കി.
 2019 ലെ മന്ത്രി സഭാ തീരുമാനത്തിലല്ല കരുതൽ മേഖല സംബന്ധിച്ച  സുപ്രീം കോടതി വിധി വതെന്ന് പി.രാജീവ് പറഞ്ഞു. ആ തീരുമാനവും സുപ്രീം കോടതി വിധിയും  തമ്മിൽ യാതൊരു ബന്ധവുമില്ല. ഇപ്പോൾ ആ മന്ത്രി സഭ തീരുമാനം റദ്ദാക്കുന്നുവെന്ന് പറഞ്ഞാൽ സുപ്രീം കോടതി വിധി മറികടക്കാനുള്ള ശ്രമമെന്ന നിലയിലാണ്  വ്യാഖ്യാനിക്കുക. 2019 ൽ  ‘0 മുതൽ ഒന്നുവരെ’യെന്നാണ് വ്യക്തമാക്കിയിരുന്നത്. അതിനെ തുടർന്നാണ് മന്ത്രിതല സമിതി ‘ജനസാന്ദ്രതയുള്ള സ്ഥലങ്ങൾ ഒഴിവാക്കി’ എന്ന തീരുമാനമെടുത്തത്. അതിനെ തുടർന്ന് കേന്ദ്രസർക്കാറിൽ സമർപ്പിച്ച നോട്ടിഫിക്കേഷനുകളിലെല്ലാം ജനവാസമുള്ള പ്രദേശങ്ങൾ ഒഴിവാക്കിയുള്ള നോട്ടിഫിക്കേഷനുകളാണ് സമർപ്പിച്ചത്. ഈ നോട്ടിഫിക്കേഷനുകളെല്ലാം അംഗീകരിക്കുന്ന തീരുമാനമാണ് കാബിനറ്റ് സ്വീകരിച്ചിട്ടുള്ളത്. ഏത് തീരുമാനമാണോ മന്ത്രി സഭ ഒടുവിൽ എടുത്തിട്ടുള്ളത്, ആ തീരുമാനത്തിലേക്ക് എത്തിയ സാഹചര്യങ്ങൾ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒടുവിലെ ഉത്തരവാണ് നിലനിൽക്കുന്നത്. അത് എല്ലാ നിയമോപദേശങ്ങൾക്ക് ശേഷം സ്വീകരിച്ചിട്ടുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.
ബഫർ സോൺ വിഷയയത്തിൽ സുപ്രീം കോടതിയെ സമീപിച്ച ഏക സംസ്ഥാനം കേരളമാണെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു. ഓരോ വന്യജീവി സേങ്കതത്തിനും ദേശീയ ഉദ്യാനത്തിനും നിർണയിക്കപ്പെട്ട അതിർത്തികൾക്ക് ചുറ്റും ചുരുങ്ങിയത് ഒരു കിലോമീറ്റർ ചുറ്റളവിൽ കരുതൽ മേഖല ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതിയുടെ 2022 ജൂൺ മൂന്നിലെ  ഉത്തരവിനെ തുടർന്ന് സംസ്ഥാനത്ത് പൊതുവായും മലയോര മേഖലയിലും ജനങ്ങൾക്കുണ്ടായ ആശങ്കകൾ കണക്കിലെടുത്ത് പ്രത്യേക സാഹചര്യങ്ങൾ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഈ ഉത്തരവിലെ വ്യവസ്ഥകളിൽ നിന്ന് ഇളവ് നേടാനുള്ള വിവിധ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് 2022 ജൂലൈ 27 ന് മന്ത്രിസഭ തീരുമാനത്തിെന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 10ന് ഉത്തവവ് പുറപ്പെടുവിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version