ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് തടിയൂരി പോലീസ്; പ്രതിയെക്കുറിച്ച് ഒരു തുമ്പുമില്ല

AKG Center Bomb Attack : എകെജി സെന്ററിലേക്ക് നടന്ന ബോംബെറിൽ പ്രതികളെ തിരഞ്ഞ് പോലീസ് ആശയക്കുഴപ്പത്തിൽ. സ്ഫോടക വസ്തു എറിഞ്ഞ് മൂന്ന് ദിവസം പിന്നിടുമ്പോഴും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. രണ്ട് പ്രതികളെന്ന ആദ്യ നിഗമനത്തിൽ നിന്ന് പൊലീസ് പിന്നോട്ട് പോയി. രണ്ടാം പ്രതിയായി കണ്ടെത്തിയ സ്കൂട്ടർ യാത്രക്കാരന് അക്രമത്തിൽ പങ്കില്ലെന്ന് തെളിഞ്ഞു. അക്രമം നടക്കുന്നതിന് മുൻപ് രണ്ട് തവണ സ്കൂട്ടർ ഇവിടേക്ക് കടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ, ഇതുവഴി കടന്നുപോയത് നഗരത്തിൽ തട്ടുകട നടത്തുന്നയാളാണ് എന്നാണ് പോലീസ് പറയുന്നത്. അതിനിടെ, എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട റിജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചും പൊലീസ് തടിയൂരിയിരിക്കുകയാണ്.

സംഭവം നടന്ന മൂന്ന് ദിവസം പിന്നിടുമ്പോഴും പ്രതിക്കായി ഇരുട്ടിൽ തപ്പുകയാണ് പോലീസ്. പലരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തുവെങ്കിലും കൃത്യമായ പ്രതികളിലേക്ക് അന്വേഷണസംഘത്തിന് ഇനിയും എത്താൻ കഴിഞ്ഞിട്ടില്ല. അന്വേഷണസംഘത്തിന് സർവത്ര ആശയക്കുഴപ്പമുണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.

Exit mobile version