കൊച്ചി: ഇതെങ്ങോട്ടാണ് സ്വര്‍ണവില ഉയരുന്നത് വന്‍ കുതിപ്പ് നടത്തുക, ഇടയ്ക്ക് നേരിയ തോതില്‍ കുറയുക. ഇങ്ങനെയാണ് കഴിഞ്ഞ രണ്ട് മാസമായി സ്വര്‍ണത്തിന്റെ പോക്ക്. മാര്‍ച്ച് മാസത്തില്‍ സ്വര്‍ണവിലയില്‍ വന്ന മാറ്റം 4000 രൂപയുടേതാണ്. ഈ മാസം ഇതുവരെ 3000 രൂപയുടേതും. അതായത് ഒന്നര മാസത്തിനിടെ ഒരു പവന് 7000 രൂപയുടെ വര്‍ധനവാണുണ്ടായത്.
അമേരിക്കയിലെ വിപണി സാഹചര്യം, പലിശനിരക്ക്, ഡോളര്‍ സൂചികയിലെ മാറ്റം എന്നിവയെല്ലാം സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്നതാണ്. എന്നാല്‍ ഇക്കാര്യം മാത്രം നോക്കി സ്വര്‍ണവിലയുടെ ഭാവി പറയാന്‍ പറ്റാത്ത സാഹചര്യമാണിപ്പോള്‍. പൊടുന്നനെ രൂപപ്പെട്ട ഇറാന്‍-ഇസ്രായേല്‍ പോര് ആണ് സ്വര്‍ണത്തിന്റെ വന്‍ കുതിപ്പിന് കാരണം. എന്നാല്‍ ഇന്ന് യുദ്ധഭീതി കുറഞ്ഞിട്ടും സ്വര്‍ണവില കൂടി.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53640 രൂപയാണ് വില. കഴിഞ്ഞ ശനിയാഴ്ച വലിയ കുറവ് വന്നതിലൂടെ പവന്‍ വില 53200 രൂപയിലേക്ക് എത്തിയിരുന്നു. ഇന്ന് 440 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 6705 രൂപയിലെത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 50680 രൂപയും ഉയര്‍ന്ന വില 53760 രൂപയുമാണ്.