പ്രതിപക്ഷ കോലാഹലങ്ങൾക്ക്‌ ജനപിന്തുണയില്ല: മുഖ്യമന്ത്രി.

തിരുവനന്തപുരം> അധിക വിഭവസമാഹരണ നിർദേശങ്ങൾക്കെതിരായ പ്രതിപക്ഷ സമരങ്ങൾക്ക്‌ ജനപിന്തുണ ഉറപ്പാക്കാനാകുന്നില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജിഎസ്ടിയിലൂടെ സംസ്ഥാനത്തിന്റെ വിഭവസമാഹരണ സാധ്യത തുലോം പരിമിതപ്പെടുത്തി.

സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ അവകാശവും കേന്ദ്രം വെട്ടിച്ചുരുക്കി. ഇതോടെ വിഭവസമാഹരണ വഴി കണ്ടെത്താൻ സംസ്ഥാനം നിർബന്ധിതമായി. ഇക്കാര്യം ജനങ്ങൾക്ക് ബോധ്യമുള്ളതിനാലാണ്‌ പ്രതിപക്ഷകോലാഹലങ്ങൾ നാടിന്റെ പിന്തുണയില്ലാതെ ഒറ്റപ്പെട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരം ചെയ്യുന്ന യൂത്ത്‌ കോൺഗ്രസുകാരെ പൊലീസ്‌ മർദിക്കുന്നെന്ന ആക്ഷേപത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന്‌ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ നടപടികളിൽ  പ്രതിഷേധമുള്ളവർ മുൻകൂട്ടി പ്രഖ്യാപിച്ച് ജനങ്ങളെ അണിനിരത്തി സമരം ചെയ്യുന്നതാണ്‌ പതിവ്‌. ഓടുന്ന വാഹനത്തിന്റെ മുന്നിലേക്ക് എടുത്തുചാടുന്ന ചാവേർ സമരരീതിയാണ്‌ യൂത്ത് കോൺഗ്രസും ബിജെപിയും നടപ്പാക്കുന്നത്. എടുത്തുചാടുന്നവർ അപകടം തിരിച്ചറിയുന്നുണ്ടാകില്ല. പ്രേരിപ്പിക്കുന്നവർക്ക്‌  വ്യക്തമായ ധാരണയുണ്ട്‌. അത്‌ നടക്കാതെ വരുമ്പോഴുള്ള മോഹഭംഗം ചിലരിൽ പ്രകടമാണ്‌. ആസൂത്രിതമായി അപകടസാഹചര്യം സൃഷ്ടിക്കൽ ശ്രമം തടയാനാണ്‌ പൊലീസ് നോക്കുന്നത്. അനിവാര്യമായ നിയമനടപടികൾ മാത്രമാണ്‌ സ്വീകരിക്കുന്നത്‌.

ബജറ്റിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് രണ്ടു രൂപ സെസ്‌ ഏർപ്പെടുത്തുന്നതാണ്‌ യുഡിഎഫിനും ബിജെപിക്കും സമര കാരണം. നാടിന്റെ മുന്നോട്ടുപോക്കിനുള്ള സാമ്പത്തികഭദ്രത ഉണ്ടാക്കാനാണ്‌ ചില്ലറ വരുമാനവർധന. കേന്ദ്ര സർക്കാർ 13 തവണ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതിയും സെസും വർധിപ്പിച്ചു. സെസ്‌ വർധന കേന്ദ്രത്തിനുമാത്രം ലഭിക്കുന്നതാണ്‌. ഇതിനെതിരെ കേരളത്തിലെ പ്രതിപക്ഷത്തിന്‌ പ്രതിഷേധമൊന്നുമുണ്ടായില്ല. 

പതിനൊന്നിന്‌ കളമശേരിയിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചിരുന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ മുന്നിലേക്ക് എടുത്തുചാടാൻ ശ്രമിച്ച യുവതി ഉൾപ്പെടെയുള്ള നാല് യൂത്ത്‌ കോൺഗ്രസുകാരെ അറസ്റ്റു ചെയ്‌തു. സഞ്ചരിക്കുന്ന വാഹനത്തിനുമുന്നിൽ ചാടി ആപത്ത് വരാതിരിക്കാനുള്ള ഇടപെടലാണ് പൊലീസ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version