പോലീസിലെ ക്രിമിനലുകളുടെ ചെയ്തികൾ ദിവസേന കാണുന്ന മലയാളി സമൂഹത്തോട് ‘ഇതാണ് മികച്ച പോലീസിങ്’ എന്ന് പറയാൻ മുഖ്യമന്ത്രിക്ക് എങ്ങനെ കഴിയുന്നു..?

തിരുവനന്തപുരം : പൊതുജനങ്ങൾക്ക് നേരെയുള്ള പോലീസിന്റെ ക്രൂരതകൾ ദിനംപ്രതി വർദ്ധിക്കുന്നതും ക്രിമിനൽ കേസുകളിൽ പോലീസുകാർ തന്നെ പ്രതികളാവുന്നതും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് മുൻപിൽ ചൂണ്ടിക്കാണിക്കുമ്പോൾ ‘ഇതാണ് മികച്ച പോലീസിങ്’ എന്ന് യാതൊരു ഉളുപ്പുമില്ലാതെയാണ് മറുപടി പറയുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വാക്കുകൾ

സിപിഎമ്മിലെ അടിമക്കൂട്ടങ്ങൾക്ക് പോലും തന്റെ സ്റ്റാലിൻ മോഡൽ പെരുമാറ്റം അസഹനീയമായെന്ന് തോന്നിയത് കൊണ്ടാകാം… അടുത്തിടെയായി പിണറായി വിജയൻ ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ക്രിമിനൽ പോലീസുകാരുടെ ചെയ്തികൾ ദിവസേന കണ്ടുകൊണ്ടിരിക്കുന്ന മലയാളി സമൂഹത്തോടാണ് യാതൊരു ഉളുപ്പുമില്ലാതെ ‘ഇതാണ് മികച്ച പോലീസിങ് ‘ എന്നദ്ദേഹം പറയുന്നത്. പിണറായി പോലീസ് 2016 മുതലിങ്ങോട്ടു കൊന്നതും, ജീവച്ഛവം ആക്കിയതുമായ ഒരുപാടധികം നിരപരാധികൾ ഈ നാട്ടിലുണ്ട്. അവരുടെ കണ്ണുനീരിന്റെ മുകളിലാണ് ഇത്രയ്ക്ക് പൈശാചികമായ പ്രസ്താവനകളുമായി മുഖ്യമന്ത്രി വരുന്നത്. ഒരുതരത്തിൽ പോലീസിലെ ക്രിമിനലുകൾക്ക് മുഖ്യമന്ത്രി തന്നെ പ്രോത്സാഹനം നൽകുകയാണ്.

ലോക്കപ്പിൽ ഇടിച്ചും ഉരുട്ടിയും മനുഷ്യരെ കൊന്ന ഏത് പോലീസുകാരനെയാണ് പിണറായി ഭരണകൂടം ശിക്ഷിച്ചിട്ടുള്ളത്? നിരപരാധിയായ ഒരു മാധ്യമ പ്രവർത്തകനെ കാർ ഇടിച്ചു കൊന്ന ഉദ്യോഗസ്ഥനെ തിരിച്ചു കൊണ്ടുവന്നു സ്ഥാനാരോഹണം നടത്തിയതും കേരളം കണ്ടു.

മനസ്സു മരവിപ്പിക്കുന്ന ഒട്ടേറെ കാഴ്ചകൾ കഴിഞ്ഞ കുറച്ച് നാളുകളിൽ നമ്മൾ കണ്ടു. അതിലൊക്കെയും കുറ്റക്കാർ പോലീസുകാർ തന്നെയാണെന്നിരിക്കെ… എന്തിനാണ് മുഖ്യമന്ത്രി ഈ ക്രിമിനൽ ഉദ്യോഗസ്ഥർക്ക് കുട പിടിക്കാൻ വരുന്നത്?

പൊളിറ്റിക്കൽ ക്രിമിനലിന് പോലീസ് ക്രിമിനലുകളോടുള്ള സ്നേഹവും വാത്സല്യവും കേരളത്തിന്‌ മനസിലാകുന്നുണ്ട്. അതുവഴി ഇനിയും ഒരുപാട് പാവങ്ങളെ ദ്രോഹിക്കാനുള്ള ഊർജ്ജവും പിണറായി പോലീസിന് കിട്ടുന്നുണ്ടാകും.

പി എസ് സി തട്ടിപ്പ് വഴി സേനയിൽ കയറി, നിർധനരായ എത്രയോ കുടുംബങ്ങളുടെ അത്താണികളെ ഇല്ലാതാക്കിയ ക്രിമിനലുകളോട് ഒന്നേ പറയാനുള്ളൂ.

കാലം മാറും. ഭരണവും.

Exit mobile version