പ്രായാധിക്യരോഗങ്ങൾ കാരണം ഏറെക്കാലമായി അവശയായിരുന്ന ഗജ മുത്തശ്ശി താര , ഇന്നലെ രാത്രിയിലാണ് ചരിഞ്ഞത്. 75-ൽ ആനക്കോട്ട ആരംഭിച്ചപ്പോൾ ഗുരുവായൂർ കേശവന്റെ പിന്നാലെ കോട്ടയിലെത്തിയ പിടിയാനയാണ്. അതുകൊണ്ട് ആനക്കോട്ടയുടെ ചരിത്രത്തോടൊപ്പം ഈ ഗജമുത്തശ്ശിയുടെ കഥകളുമുണ്ട്. അരനൂറ്റാണ്ടിലേറെക്കാലം ഗുരുവായൂരപ്പനെ സേവിച്ചതിന് ദേവസ്വം ഭരണസമിതി ‘ഗജമുത്തശ്ശി’ എന്ന സ്ഥാനം നൽകി ആദരിച്ചിരുന്നു.
രാവിലെ ഡോക്ടർമാരെത്തി ഗ്ലൂക്കോസും മറ്റ് മരുന്നുകളും നൽകി പ്രത്യേകം കരുതൽ ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. കുറേ വർഷമായി കെട്ടുതറിയിൽനിന്ന് കൊണ്ടുപോകാറില്ല. രണ്ടു വർഷത്തിനുള്ളിൽ മൂന്നുതവണ വീണു. കിടന്നാൽ എഴുന്നേൽക്കാനാകാത്ത അവസ്ഥയായിരുന്നു. ഇതേത്തുടർന്ന് എട്ടുമാസം മുൻപ് കെട്ടുതറിയിൽ മരത്തടികൾ കെട്ടി ആനയ്ക്ക് ചാരിനിൽക്കാൻ പാകത്തിൽ താങ്ങ് വെച്ചിരിക്കുകയായിരുന്നു. 90- വയസ്സിൽ അധികം പ്രായം ആനക്കുണ്ടെന്നാണ് കരുതുന്നത്.