പത്തനംതിട്ടയിൽ മലയോര ഹൈവേ അവസാന ഘട്ടത്തിൽ; മെയ്‌ മാസം പൂർത്തിയാകും.

പത്തനംതിട്ട : സംസ്ഥാനത്തെ മലയോര മേഖലയുടെ വികസനത്തിന്‌ കരുത്തേകുന്ന മലയോര ഹൈവേ നിർമാണം ജില്ലയിൽ അവസാന ഘട്ടത്തിൽ. പ്ലാച്ചേരി മുതൽ പത്തനാപുരം വരെയുള്ള പാതയാണ്‌ ജില്ലയിൽ മലയോര ഹൈവേയുടെ ഭാഗമായുള്ളത്‌. രണ്ട്‌ റീച്ചുകളായാണ്‌  നിർമാണം. ആദ്യ റീച്ചിന്റെ നിർമാണം പൂർത്തിയാക്കി. രണ്ടാം റീച്ചിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്‌. മെയ് മാസം  പണി പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഈ റീച്ചിന്റെ കൂടി നിർമാണം കഴിയുന്നതോടെ ജില്ലയിൽ മലയോര ഹൈവേ നിർമാണം പൂർത്തിയാകും. പ്ലാച്ചേരി മുതൽ പത്തനാപുരം വരെയുള്ള 46 കിലോമീറ്ററാണ്‌ ജില്ലയിൽ ഹൈവേ കടന്ന്‌ പോകുന്ന ദൂരം. ഇതിൽ പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള 30 കിലോമീറ്റർ ദൂരം പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ചു. കോന്നി മുതൽ പത്തനാപുരം വരെയുള്ള 16 കിലോമീറ്റർ ദൂരത്തിൽ നിർമാണം നടന്ന്‌ വരുന്നു. ആദ്യ ഘട്ട ടാറിങ് ഉൾപ്പടെ പൂർത്തിയായി. പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി– പുനലൂർ റീച്ചിൽ പെടുന്നതാണിത്‌.  ഇടുക്കിയിൽ നിന്ന്‌ മുണ്ടക്കയം വഴി കരിങ്കല്ലുംമൂഴിയിൽ എത്തിയാണ്‌ മലയോര ഹൈവേ ജില്ലയിൽ പ്രവേശിക്കുന്നത്‌. പ്ലാച്ചേരി– റാന്നി– മൈലപ്ര– കുമ്പഴ– കോന്നി– വകയാർ– കൂടൽ– കലഞ്ഞൂർ വഴി പത്തനാപുരത്ത്‌ അവസാനിക്കും. ഇവിടെ നിന്ന്‌ കൊല്ലം ജില്ലയിലേക്ക്‌ ഹൈവേ പ്രവേശിക്കും.

Exit mobile version