പത്തനംതിട്ടയിൽ നിന്ന് അഞ്ച് വർഷത്തിനിടെ കാണാതയത് 12 സ്ത്രീകളെ ; കേസുകളിൽ പുനരന്വേഷണം 

പത്തനംതിട്ട :  കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലയല്‍ നിന്ന് കാണാതായ സ്ത്രീകളുടെ തിരോധന കേസുകള്‍ വീണ്ടും അന്വേഷിക്കുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം. 2017 മുതല്‍ ജില്ലയില്‍ നിന്ന് കാണാതായത് 12 സ്ത്രീകളെയാണ്. ഇതില്‍ മൂന്ന് കേസുകളും ആറന്മുള സ്റ്റേഷന്‍ പരിധിയില്‍ ആണ്. തിരോധാനത്തിന് നരബലിയുമായി ബന്ധമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

നരബലി കേസിലെ ഒന്നാം പ്രതി ഷാഫിക്ക് പല സ്ത്രീകളുമായി അടുത്ത ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ചിലര്‍ക്ക് പണം വാഗ്ദാനം ചെയ്ത് പത്തനംതിട്ടക്ക് കൊണ്ടുപോകാന്‍ ഷാഫി ശ്രമിച്ചതിന്‍റെ തെളിവുകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയിലെ തിരോധാന കേസുകളില്‍ വീണ്ടും അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ഷാഫി അടക്കം മൂന്നുപ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. മുഹമ്മദ് ഷാഫി, രണ്ടാംപ്രതി ഭഗവല്‍ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.

Exit mobile version