പത്തനംതിട്ടയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം ; പ്രതിഷേധവുമായി യുവജനസംഘടനകൾ 

പത്തനംതിട്ട: നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം. മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ദുർമന്ത്രവാദം നടത്തുന്നത്. ഒരു സ്ത്രീയുടെ നേതൃത്വത്തിലാണ് മഠം പ്രവർത്തിക്കുന്നത്.

കഴിഞ്ഞ ദിവസം മന്ത്രവാദത്തിനിടെ ഒരു കുട്ടി ബോധരഹിതമായി വീണിരുന്നു. പരാതി ലഭിച്ചിട്ടും മലയാലപ്പുഴ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇവരെ എതിർക്കുന്ന നാട്ടുകാരെയൊക്കെ ഭീഷണിപ്പെടുത്തുകയും വീടിനുമുൻപിൽ പൂവ് ഇടുകയും ചെയ്യുകയാണ്. കൂടാതെ നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ പറഞ്ഞു. മാത്രമല്ല നാട്ടുകാരെ ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ ഉപയോഗിക്കുകായും ചെയ്യുന്നു. 

സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിന് വരുമ്പോൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയാണെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർക്ക് ഭീഷണിയായി ഒരു മന്ത്രവാദകേന്ദ്രം പ്രവർത്തിക്കുമ്പോൾ അതിനെതിരെ നിയമപരായി നീങ്ങാൻ ഇവിടെ പൊലീസിന് കഴിഞ്ഞില്ല എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇവിടെ സഹായിയായി നിന്നിരുന്ന ഒരാളെ കഴിഞ്ഞ ഒരു വർഷമായി കാണാനില്ല എന്ന പരാതിയും നാട്ടുകാർ ഉയർത്തുന്നുണ്ട്.

ഇന്ന് രാവിലെ വാർത്ത വന്നതോടെ വിവിധ യുവജന സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി സ്ഥലത്ത് തടിച്ച് കൂടിയിട്ടുണ്ട്. മന്ത്രവാദത്തറയടക്കം യുവജനസംഘടനകൾ തകർത്തു. തുടർന്ന് മലയാലപ്പുഴ പൊലീസും സ്ഥലത്തെത്തി. മന്ത്രവാദ പരാതികള്‍  ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു.

Exit mobile version