നെടുങ്കണ്ടത്ത് ഇനി കളിയാരവം; സിന്തറ്റിക് സ്റ്റേഡിയം നിർമാണം അന്തിമഘട്ടത്തിൽ.

നെടുങ്കണ്ടം : ഹൈറേഞ്ചിന്റെ കായിക സ്വപ്‍നങ്ങൾക്ക് കരുത്തുപകരാൻ നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയം നിർമാണം അന്തിമ ഘട്ടത്തിലേക്ക്. കഴിഞ്ഞ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെയും എം എം മണി എംഎല്‍എയുടെയും നിരന്തര ശ്രമഫലമായാണ് ആറേക്കര്‍ ഭൂമി സ്റ്റേഡിയത്തിന് സര്‍ക്കാരില്‍നിന്ന് അനുവദിപ്പിച്ചത്. വിദ്യാഭ്യാസം, റവന്യു, ആരോഗ്യം, ട്രഷറി, പൊലീസ് തുടങ്ങി അഞ്ച് വകുപ്പുകളുടെ പക്കലുണ്ടായിരുന്ന ഭൂമിയാണിത്. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കോടെ ആധുനിക സജ്ജീകരണങ്ങളോടെയാണ് നിര്‍മാണം. ഗ്യാലറി, സ്റ്റേജ്, മൈതാനം എന്നിവയുള്‍പ്പെടെ സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിരുന്നു. ദേശീയ നിലവാരമുള്ള ഫുട്‌ബോള്‍ ഗ്രൗണ്ട്, വോളിബോള്‍ കോര്‍ട്ട് എന്നിവയുമുണ്ടാകും. 2009ല്‍ അന്ന് എംഎല്‍എയായിരുന്ന കെ കെ ജയചന്ദ്രനാണ് പദ്ധതി കൊണ്ടുവന്നത്. അന്നത്തെ പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേട് കാരണം പദ്ധതി കാര്യക്ഷമമായി നടന്നില്ല. ഇനി വേ​ഗത്തില്‍ ജോലികള്‍ പൂര്‍ത്തിയാക്കി മൂന്നു മാസത്തിനകം താരങ്ങൾക്ക് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. 11 കോടി രൂപയാണ് നിര്‍മാണ ചെലവ്. ഇതില്‍ 9.30 കോടി കിഫ്‍ബിയില്‍നിന്ന് അനുവദിച്ചു. ബാക്കി തുക കെ കെ ജയചന്ദ്രന്‍ എംഎല്‍എ ആയിരുന്നപ്പോഴുള്ള ഫണ്ടാണ്.

Exit mobile version