നിർത്തിയിട്ട കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: കളിയിക്കാവിളയിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. കഴുത്തറത്ത്‌  കൊലപ്പെടുത്തിയ നിലയിലാണ് ഇയാളെ കണ്ടെത്തിയിരിക്കുന്നത്. മരിച്ചത് മലയിൻകീഴ് സ്വദേശി ദീപുവാണെന്നാണ് പോലീസ് പറയുന്നത്.  കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് തിങ്കളാഴ്ച രാത്രിയോടെ തമിഴ്‌നാട് പോലീസിന്റെ പട്രോളിംഗിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.  വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കൈമനം സ്വദേശി എസ് ദീപുവിനെയാണ് മഹേന്ദ്ര എസ്.യു.വിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മരിച്ച ദീപുവിന് തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്.  പുതുതായൊരു ക്രഷർ യൂണിറ്റ് തുടങ്ങാനായി ജെസിബി വാങ്ങുന്നതിന് 10 ലക്ഷം രൂപയുമായാണ് ദീപു കോയമ്പത്തൂരിലേക്ക് പോയതെന്നാണ് വീട്ടുകാർ പറയുന്നത്.മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതമാകാം എന്നാണ് പോലീസ് നിഗമനം.

രാത്രി 11:45 ഓടെ വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നത് കണ്ട തമിഴ്‌നാട് പോലീസ് നോക്കിയപ്പോൾ കാറിന്റെ ഡിക്കി തുറന്ന നിലയിൽ ആയിരുന്നു.   കാറിന്റെ മുൻസീറ്റിലായിരുന്നു മൃതദേഹം. കഴുത്ത് 70 ശതമാനത്തോളം അറുത്ത നിലയിലായിരുന്നു കണ്ടെത്തിയത്. . മൃതദേഹം നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ ചെന്നൈയിലേക്ക് പോകുന്നതിനുവേണ്ടി ദീപു മറ്റൊരു വ്യക്തിയെ കാത്ത് ഒറ്റാമരത്ത് കാർ നിർത്തി കാത്തു നിൽക്കുകയിരുന്നുവെന്നും ഇതിനിടെ ആരോ വാഹനത്തിൽ കയറി കൊലപാതകം നടത്തിയതാകാമെന്നും സംശയമുണ്ട്. 

Exit mobile version