പത്തനംതിട്ട: സാമ്പത്തിക അഭിവൃദ്ധിയ്ക്കായി നരബലി നടത്തിയ സംഭവത്തിൽ രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഒന്നാം പ്രതി ഷാഫിക്ക് നൽകിയത് ലക്ഷങ്ങൾ. റോസ്ലിനെ കൊലപ്പെടുത്തുന്നതിനു മുമ്പ് 3.5 ലക്ഷം രൂപ ഷാഫി കൈപ്പറ്റി. പത്മത്തെ കൊലപ്പെടുത്തും മുമ്പും ലക്ഷങ്ങൾ ദമ്പതിമാരിൽ നിന്ന് ഇയാൾ വാങ്ങിയിരുന്നു. തവണകളായി പത്ത് ലക്ഷത്തോളം രൂപയാണ് ഷാഫി ഇവരിൽ നിന്ന് വാങ്ങിയതെന്നാണു വിവരം.
പണം നൽകിയത് ബാങ്ക് വഴിയാണോ നേരിട്ടാണോ എന്നു വ്യക്തമല്ല. ഷാഫിയുടെ ബാങ്ക് വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. പണമിടപാട് സംബന്ധിച്ച കൂടുതൽ അന്വേഷണം കസ്റ്റഡിയിൽ എടുത്ത ശേഷമായിരിക്കും നടത്തുക. ആദ്യഘട്ടത്തിൽ ഒരു തുക മുൻകൂറായി ഭഗവൽ സിങ്ങിൽനിന്ന് വാങ്ങിയ ശേഷമാണ് ഷാഫി പൂജ സംബന്ധിച്ച കാര്യങ്ങൾ ഇവരോട് വ്യക്തമാക്കുന്നത്. പിന്നീട് സ്ത്രീയെ കൊണ്ടുവരുന്നതിനും പണം വാങ്ങി. കൃത്യം നടത്തിയതിന് ശേഷം വലിയൊരു തുകയും ഷാഫി ഇവരിൽ നിന്ന് കൈപ്പറ്റിയതായാണ് റിപ്പോർട്ട്.
പച്ചക്കള്ളങ്ങൾ പറഞ്ഞ് ആളുകളെ വീഴ്ത്തുന്നതാണ് ഷാഫിയുടെ രീതി. ഇയാളുടെ ലക്ഷ്യം പണം മാത്രമായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. കൊടും കുറ്റവാളിയായ ഷാഫി ലൈംഗികവൈകൃതത്തിനും അടിമയായിരുന്നു. ആഭിചാരക്രിയകളുടെ ഭാഗമായി ഷാഫി, ഭർത്താവായ ഭഗവൽസിങ്ങിന്റെ മുൻപിൽ ലൈലയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നും പോലീസ് പറയുന്നു. നരബലിയിൽ നിന്ന് ലഭിച്ച സാമ്പത്തിക നേട്ടത്തെ ഇനിയും ഉപയോഗിക്കാം എന്ന് ഷാഫി കരുതിയിരുന്നു.
കാലടിയിൽ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന റോസ്ലിനെ ഷാഫി സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനംചെയ്ത് ജൂണിൽ ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ച് ബലിനൽകുകയായിരുന്നു. റോസ്ലിനെ കട്ടിലിൽ കെട്ടിയിട്ടാണ് മൂന്നു പ്രതികളും ചേർന്ന് കഴുത്തറത്തുകൊന്നത്. ലൈലയാണ് കഴുത്തിൽ ആദ്യം കത്തിവെച്ചത്. ശരീരമാസകലം മുറിവുകളുണ്ടാക്കി. ജനനേന്ദ്രിയത്തിൽനിന്ന് രക്തം ശേഖരിച്ചശേഷം മൃതദേഹം 30 കഷണങ്ങളായി വെട്ടിനുറുക്കി. രക്തം വീടിനു പുറത്ത് പല ഭാഗങ്ങളിലായി തളിച്ച ശേഷം ശരീരഭാഗങ്ങൾ വീട്ടുവളപ്പിൽ കുഴിച്ചിട്ടു. നരബലി കഴിഞ്ഞിട്ടും പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്ന് ഭഗവൽ സിങ് പരാതിപ്പെട്ടതോടെയാണ് രണ്ടാമത്തെ നരബലി നടത്തിയത്.