നടന വിസ്മയം നരേന്ദ്രപ്രസാദ് ഓർമ്മയായിട്ട് ഇന്നേക്ക് 19 വർഷം

വലിയ രുദ്രാക്ഷ മാലയും ഒരു കണ്ണ് അല്പമടഞ്ഞ് കറുത്ത വെട്ടുപാടും നെറ്റിയിൽ കറുത്ത കുറിയും മുഖത്ത് അഹങ്കാരം നിറഞ്ഞ ആഢ്യത്തഭാവവുമായി മലയാള മനസുകളെ കീഴടക്കിയ ആ വില്ലൻ കഥാപാത്രത്തെ അനശ്വരമാക്കിയ അനുഗ്രഹീത കലാകാരൻ അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 19 വർഷം. ആറാം തമ്പുരാൻ എന്ന മലയാള സിനിമയിലെ തന്നെ ഏറ്റവും മനോഹരമായ ദൃശ്യഭാഷ്യത്തിനു കൊളപ്പുള്ളി അപ്പന്‍ എന്ന വില്ലനിലൂടെ ജീവനേകിയ ആ മഹാനടൻ വേറെ ആരുമായിരുന്നില്ല – നാടകവും എഴുത്തും തട്ടകമാക്കിയ പിന്നീട് ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയും, അതേസമയം തമാശയും തനിക്ക് വഴങ്ങുമെന്ന് സിനിമയിലൂടെയും തെളിയിച്ച നരേന്ദ്ര പ്രസാദാണ്.
അധ്യാപകനായി നരേന്ദ്രപ്രസാദ് 1980-കളിലാണ് നാടക രംഗത്ത് സജീവമാകുന്നത്. കേരളത്തിലങ്ങോളമുള്ള വേദികളില്‍ അവതരിപ്പിച്ച സൗപര്‍ണിക എന്ന നാടകം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി.

ഗൗരവം നിറഞ്ഞ കഥാപാത്രങ്ങള്‍ മാത്രമല്ല വഴങ്ങുകയെന്ന് മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിലൂടെ അദ്ദേഹം കാണിച്ചു തന്നു . ആലഞ്ചേരി തമ്പ്രാക്കള്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ തുടങ്ങിയ ചിത്രങ്ങളിലും നര്‍മം നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തലസ്ഥാനം എന്ന ചലച്ചിത്രത്തിലെ പരമേശ്വരന്‍, ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദജി, പൈതൃകത്തിലെ ചെമ്മാതിരി തുടങ്ങി മറക്കാനാകാത്ത കഥാപാത്രങ്ങളിലൂടെ നരേന്ദ്രപ്രസാദ് എന്ന അഭിനയപ്രതിഭ മലയാളികളുടെ മനസിൽ ഇന്നും ജീവിക്കുന്നു.

Exit mobile version