തൊഴിലുറപ്പു പദ്ധതി ; കൂലി വർധനയിലും കേരളത്തോട്‌ അവഗണന.

കൊല്ലം:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ പുതുക്കിയ കൂലിനിരക്കിലും കേരളത്തോടുള്ള അവഗണന തുടർന്ന്‌ കേന്ദ്രസർക്കാർ. രാജ്യത്ത്‌ ഏറ്റവും ഉയർന്ന മിനിമം കൂലി നിരക്കുള്ള കേരളത്തിന്‌ ആനുപാതിക വർധനയില്ല. വിലക്കയറ്റവും ഉപഭോക്തൃ വിലസൂചികയും പരിഗണിക്കാതെയുള്ള വർധന തൊഴിലാളിവിരുദ്ധ നിലപാട്‌  വ്യക്തമാക്കുന്നു. കൂലിവർധനയിൽ ബിജെപി ഭരിക്കുന്ന ഹരിയാനയ്‌ക്കാണ്‌ മുന്തിയ പരിഗണന.

കേരളത്തിൽ നിലവിലുള്ള 311 രൂപ കൂലി 333 രൂപയായാണ്‌ വർധിപ്പിച്ചത്‌. ഹരിയാനയിൽ 357 രൂപയാണ്‌ പുതുക്കിയ നിരക്ക്‌. കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ്‌ കൂലിവർധിപ്പിച്ച്‌ ഉത്തരവിറക്കിയത്‌. പുതുക്കിയ കൂലി ഏപ്രിൽ ഒന്നിന്‌ പ്രാബല്യത്തിൽ വരും. സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്ക്‌ മികച്ച കൂലി നൽകുന്നതിൽ ഒന്നാംസ്ഥാനം കേരളത്തിനാണെന്ന്‌ കഴിഞ്ഞദിവസം ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്‌ പുറത്തുവിട്ട വാർഷിക സർവേ റിപ്പോർട്ട്‌–-2022ൽ പറയുന്നു. കർഷകത്തൊഴിലാളികളുടെ മിനിമം കൂലിയാണ്‌ തൊഴിലുറപ്പു പദ്ധതിയിൽ നിയമപ്രകാരം നൽകേണ്ടത്‌. കേരളത്തിൽ 727 രൂപയാണ്‌ നിലവിൽ മിനിമംകൂലി. ഹരിയാനയിൽ 395 രൂപയും. കർഷകത്തൊഴിലാളികൾക്ക്‌ ഏറ്റവും താഴ്‌ന്ന മിനിമംകൂലിയുള്ള ഗുജറാത്തിൽ തൊഴിലുറപ്പു കൂലി 256 രൂപയാക്കി വർധിപ്പിച്ചു. ഗുജറാത്തിൽ 220 രൂപയാണ്‌ മിനിമം കൂലി.

Exit mobile version