തുടർഭരണം ലക്ഷമിട്ട് കരുക്കൾ ഒരുക്കിഎൻഡിഎ;സഖ്യ കക്ഷികളുടെ പിന്തുണയോടെ തുടർഭരണം സാധ്യമാക്കാൻ ഒരുക്കങ്ങളുമായി ഇന്ത്യയും

ന്യൂഡൽഹി: സഖ്യ കക്ഷികളുടെ പിന്തുണയോടെ വീണ്ടും അധികരാത്തിലെത്താനുളള നീക്കം നടത്തുന്ന ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് നിർണായക യോ​ഗം ചേരും. ഭൂരിപക്ഷം നഷ്ടപ്പെടാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചയ്ക്ക് ബിജെപി തയ്യാറാകാനാണ് സാധ്യത. ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ഇല്ലെങ്കിലും ടിഡിപി, ജെഡിയു പാർട്ടികൾ എൻഡിഎയ്ക്കൊപ്പം നിൽക്കുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ. ഇന്നത്തെ എൻഡിഎ യോഗത്തിൽ നിതീഷ് പങ്കെടുക്കും.  രാവിലെ 11.30നാണ് മന്ത്രിസഭാ യോ​ഗം ചേരുക. നിലവിലെ മന്ത്രിസഭ പിരിച്ച് വിടാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടും.

അതിനിടെ മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി രാഷ്ട്രപതി ഭവനിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ തനിച്ച് ഭൂരിപക്ഷം നേടാൻ ബിജെപിക്ക് സാധിക്കാതെ വന്നതോടെയാണ് എന്‍ഡിഎ ഘടകക്ഷികളുടെ നിലപാട് നിര്‍ണായകമാകുന്നത്. എന്‍ഡിഎയ്ക്കൊപ്പം തുടരുമെന്ന് ടിഡിപിയും ജെഡിയുവും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ മറ്റു നാടകീയ നീക്കങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും. 240 സീറ്റുകൾ മാത്രമാണ് ഇക്കുറി ബിജെപി ഒറ്റയ്ക്ക് നേടിയത്. കോണ്‍ഗ്രസ് 99 സീറ്റുകൾ നേടി. യുപി, മഹാരാഷ്ട്ര, ബംഗാളിൾ എന്നിവിടങ്ങളിലാണ് എന്‍ഡിഎക്ക് തിരിച്ചടിയേറ്റത്. മോദിയുടെ ഭൂരിപക്ഷത്തിനും വന്‍ ഇടിവുണ്ടായി. 

എന്‍ഡിഎ സഖ്യകക്ഷികളെ കൂടെ നിര്‍ത്താനുള്ള പരിശ്രമത്തിലാണ് ഇന്ത്യാ സഖ്യം. തുടർ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാൻ ഇന്ത്യ സഖ്യവും ഇന്ന് യോഗം ചേരും. വൈകിട്ട് ആറിന് മല്ലികാര്‍ജുൻ ഖര്‍ഗെയുടെ വസതിയിലാണ് യോഗം ചേരുക. എന്‍ഡിഎയുടെ ഘടകകക്ഷികളായ ജെഡിയു, ടിഡിപി പാര്‍ട്ടികളെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെയും ശ്രമം. സര്‍ക്കാര്‍ രൂപീകരണ സാധ്യത തേടാൻ തന്നെയാണ് ഇന്ത്യ സഖ്യം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി നിതീഷ് കുമാറിനോടും ചന്ദ്രബാബു നായിഡുവിനോടും കോൺ​ഗ്രസ് ചർച്ചകൾ തുടരും. കൂടാതെ മറ്റ് സ്വതന്ത്ര പാർട്ടികളേയും ഇന്ത്യ സഖ്യത്തില്‍ എത്തിക്കാൻ നീക്കം നടത്തുകയാണ്. മമത ബാനർജി ഇന്ത്യ സഖ്യത്തിന്റെ സർക്കാർ രൂപീകരണ നീക്കങ്ങളിൽ സഹകരിക്കും.

Exit mobile version