തുടര്‍ച്ചയായ മൂന്നാംതവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ന്യൂദല്‍ഹി: സ്വതന്ത്ര ഭാരതത്തില്‍ പുതുചരിത്രം രചിച്ച് തുടര്‍ച്ചയായ മൂന്നാംതവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്‌ട്രപതി ഭവന്റെ നടുമുറ്റത്ത് തിങ്ങിനിറഞ്ഞ പതിനായിരത്തോളം വരുന്ന അതിഥികള്‍ക്ക് മുന്നില്‍ മൂന്നാം മോദി സര്‍ക്കാരിന് ശുഭാരംഭം. രാത്രി 7.24ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്വതന്ത്ര ഭാരതത്തില്‍ തുടര്‍ച്ചയായ മൂന്നാംവട്ടം പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ നേതാവായി നരേന്ദ്ര മോദി. വനിതാ വനിതാ പ്രാതിനിധ്യം ഏഴ്. മോദിക്ക് ശേഷം മുതിര്‍ന്ന നേതാക്കളായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ.പി നദ്ദ, ശിവരാജ്സിങ് ചൗഹാന്‍, നിര്‍മ്മലാ സീതാരാമന്‍, ഡോ. എസ്. ജയശങ്കര്‍, മനോഹര്‍ലാല്‍ ഖട്ടാര്‍ എന്നിവരടക്കമുള്ള മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 72 അംഗ മന്ത്രിസഭയില്‍ പ്രധാനമന്ത്രിക്കൊപ്പം 30 ക്യാബിനറ്റ് മന്ത്രിമാരാണ് ചുമതലയേറ്റത്. സ്വതന്ത്ര ചുമതലയുള്ള അഞ്ച് മന്ത്രിമാരും 36 സഹമന്ത്രിമാരുമുണ്ട്. കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ പിന്നീട് പ്രഖ്യാപിക്കും. രണ്ടര മണിക്കൂറോളമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് അഞ്ച് ക്യാബിനറ്റ് പദവിയും രണ്ട് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി പദവും നാല് സഹമന്ത്രിപദവും ലഭിച്ചു. പ്രധാനമന്ത്രിയടക്കം 61 കേന്ദ്രമന്ത്രിമാര്‍ ബിജെപിയില്‍ നിന്നാണ്. മൂന്നാം മോദി സര്‍ക്കാരില്‍ ആറ് മുന്‍ മുഖ്യമന്ത്രിമാര്‍ ഇടംപിടിച്ചത് ശ്രദ്ധേയമായി 24 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം മൂന്നാം മോദി സര്‍ക്കാരിനുണ്ട്. യുപിയില്‍ നിന്ന് 9 മന്ത്രിമാരും കര്‍ണാടകയില്‍ നിന്ന് അഞ്ച് പേരും മധ്യപ്രദേശില്‍ നിന്ന് നാലു പേരും കേന്ദ്രമന്ത്രിസഭയില്‍ ഇടംപിടിച്ചു.

അയല്‍രാജ്യങ്ങളിലെ രാഷ്‌ട്രത്തലവന്മാരും സംസ്ഥാന ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, ബിജെപി ദേശീയ-സംസ്ഥാന നേതാക്കള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ……

രാഷ്‌ട്രപതി ഭവന് മുന്നില്‍ നടന്ന ചടങ്ങിലേക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മാലദ്വീപ്‌സ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു, സീഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി ,നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ എന്നിവര്‍ വിശിഷ്ടാതിഥികളായെത്തി. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍, ഗവര്‍ണര്‍മാരായ പി.എസ്. ശ്രീധരന്‍പിള്ള, ആരിഫ് മുഹമ്മദ് ഖാന്‍, എന്‍. രവി, മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു തുടങ്ങിയവരും എന്‍ഡിഎ നേതാക്കളായ ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍, പവന്‍ കല്യാണ്‍, അജിത് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷി, ചലച്ചിത്ര താരങ്ങളായ ഷാരൂഖ് ഖാന്‍, രജനീകാന്ത്, അക്ഷയ്കുമാര്‍, ബിസിനസ് പ്രമുഖരായ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.  

Exit mobile version