തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

തിരുവനന്തപുരം: തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാണ് ആഘോഷം. ഓഗസ്റ്റ് 27ന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയില്‍ ആണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും പി. എ. മുഹമ്മദ് റിയാസും ആണ്. ‘ഓണം ഒരുമയുടെ ഈണം’ എന്നതാണ് ഇത്തവണത്തെ പ്രമേയം. പ്രാദേശിക കലാകാരന്മാര്‍ക്ക് വലിയ പരിഗണന നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ഫഹദ് ഫാസിലും നര്‍ത്തകി മല്ലിക സാരാഭായിയും ആണ് ചടങ്ങിലെ മുഖ്യാതിഥികള്‍. കൂടാതെ ചടങ്ങിൽ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നര്‍ത്തകര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം തുടങ്ങിയവയും അരങ്ങേറും. പൂജപ്പുര, തൈക്കാട്, സെന്‍ട്രല്‍ സ്റ്റേഡിയം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, എന്നിവിടങ്ങളാണ് പ്രധാന വേദികള്‍.  ഇത്തവണത്തെ ആഘോഷത്തിന് മാറ്റ് കൂട്ടുന്നതിനായി ലേസര്‍ ഷോ പ്രദര്‍ശനവും ഉണ്ട്. ഇത്തവണയും കഴിഞ്ഞ രണ്ടു വർഷമായി സംഘടിപ്പിച്ചു വരുന്ന വെര്‍ച്വല്‍ ഓണപ്പൂക്കളം ഉണ്ട്. കനകക്കുന്നില്‍ വാരാഘോഷ ദിവസങ്ങളില്‍ ട്രേഡ് ഫെയറും ഫുഡ് ഫെസ്റ്റും ഉണ്ടാകും. 

Exit mobile version