തരൂരിന് വേണ്ടി കെപിസിസി ആസ്ഥാനത്ത് ഫ്ലക്സ് ബോർഡ്

തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ട് ചെയ്യാനാഹ്വാനം ചെയ്ത് കെപിസിസി ആസ്ഥാനത്ത് ഫ്ളക്സ് ബോര്‍ഡ്. ‘നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്ന് എഴുതിയ ശശി തരൂരിന്റെ ചിത്രം വെച്ചുള്ള ഫ്ളക്സ് ബോര്‍ഡുകളാണ് കെപിസിസി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ശശി തരൂരിനായി കോട്ടയം ഇരാറ്റുപേട്ടയിലും ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ‘ശശി തരൂര്‍ നയിക്കട്ടെ കോണ്‍ഗ്രസ് ജയിക്കട്ടെ’ എന്നാണ് ബോര്‍ഡിലെ വാചകങ്ങള്‍. കഴിഞ്ഞ ദിവസം ശശി തരൂരിനെ പിന്തുണച്ച് കൊല്ലത്തും വിവിധയിടങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നഗരത്തിന്‍റെ വിവിധയിടങ്ങളിലും ഡിസിസി ഓഫീസിന് മുന്നിലും യൂത്ത് കോൺഗ്രസിന്‍റെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു.

കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് രംഗത്തെത്തിയതിന്റെയും ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തരൂരനുകൂല ഫ്ളക്സ് ബോര്‍ഡ് കെപിസിസി ആസ്ഥാനത്ത് തന്നെ പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്.

Exit mobile version