തമിഴ്നാട് ​ഗവർണർ രാഷ്‌ട്രീയം കളിക്കുന്നു, ​ഗവർണറെ മന്ത്രി ബഹിഷ്കരിച്ചു, വിദ്യാർഥികൾ കരിങ്കൊടി കാട്ടി

ചെന്നൈ: ബിരുദദാന ചടങ്ങിലും ​ഗവർണറുടെ രാഷ്‌ട്രീയം. തമിഴ്നാട്ടിൽ വൻ പ്രപതിഷേധം. ഗവർണർ ബിജെപിയുടെ ഏജൻറിനെപ്പോലെ പ്രവർത്തിക്കുകയാണെന്ന് ആരോപിച്ച് വിവിധ വിദ്യാർഡഥി സംഘടനകൾ ​ഗവർണർ ആർ.എൻ. രവിയെ കരിങ്കൊടി കാണിച്ചു. അതിനിടെ, ഗവർണ‍ർ ആർ.എൻ. രവി പങ്കെടുത്ത മധുര കാമരാജ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസമന്ത്രി കെ. പൊൻമുടി പങ്കെടുത്തില്ല. ബിരുദദാന ചടങ്ങിൽ ഗവർണർ രാഷ്ട്രീയം തിരുകാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ബഹിഷ്കരണം.
സർവകലാശാലാ വിദ്യാർഥികളുടെ മനസിലേക്ക് ബിജെപി രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ​ഗവർണർ ശ്രമിക്കുകയാണെന്ന് മന്ത്രി പൊന്മുടി ആരോപിച്ചു. മധുര കാമരാജ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികളെ ഗവർണറുടെ ഓഫീസ് ഒറ്റയ്ക്ക് തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ചടങ്ങ് ബഹിഷ്കരിച്ചത്. സാധാരണ വൈസ് ചാൻസലറാണ് അതിഥികളെ നിശ്ചയിക്കുക. പക്ഷേ ഉന്നതവിദ്യാഭ്യാസ മന്ത്രിയും പ്രോ ചാൻസലറുമായ തൻറെ ഓഫീസുമായി കൂടിയാലോചിക്കാതെ ഗവർണറുടെ ഓഫീസിൻറെ മാത്രം നിർദേശപ്രകാരം അതിഥികളെ നിശ്ചയിച്ചെന്നാണ് മന്ത്രിയുടെ പരാതി. ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്ന് അദ്ദേഹം മുൻകൂട്ടി അറിയിച്ചിരുന്നു.
ഗവർണർ ബിജെപിയുടെ ഏജൻറിനെപ്പോലെ പ്രവർത്തിക്കുന്നുവെന്നും സർവകലാശാലാ വിദ്യാർഥികളുടെ മനസിലേക്ക് ബിജെപി രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ചടങ്ങിനെത്തിയ ഗവർണർക്ക് നേരെ വിവിധ വിദ്യാർഥി സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. സ്റ്റാലിൻ സർക്കാരും ഗവർണർ ആർ.എൻ.രവിയും തമ്മിൽ തുടക്കം മുതൽ തന്നെ രസത്തിലല്ല. ഭരണഘടനാ സ്ഥാനത്തിരുന്ന് ആർഎസ്എസ് അജൻഡ നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നാണ് ഡിഎംകെയുടെ ആരോപണം. മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടും വ്യംഗ്യത്തിലും ഇത് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. സർക്കാർ പാസാക്കുന്ന ബില്ലുകളിൽ ഒപ്പുവയ്ക്കാതെയും പ്രമേയങ്ങൾ രാഷ്ട്രപതിക്ക് അയക്കാതെയും നിസഹകരിക്കുന്നതിൽ പ്രതിഷേധിച്ച് ഗവ‍ർണർ പങ്കെടുക്കുന്ന ചടങ്ങുകൾ നേരത്തേയും മന്ത്രിമാർ ബഹിഷ്കരിച്ചിരുന്നു.
നിലപാട് തുടർന്നാൽ ​ഗവർണർക്കെതിരേ പ്രതിഷേധം കടുപ്പിക്കാനാണ് ഡിഎംകെയുടെ ആലോചന. നാ​ഗാലാൻഡ് ​ഗവർണറായിരുന്ന രവിയെ അവിടെത്തെയും സർക്കാര‌ിന്റെ എതിർപ്പിനെ തുടർന്നാണ് മാറ്റിയത്.

Exit mobile version