ഡല്‍ഹിയിലെ മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി ചർച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്.

ഡല്‍ഹി: ഡല്‍ഹിയിലെ മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി ചർച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്. ആകെ ഏഴ് സീറ്റുകളുള്ള രാജ്യ തലസ്ഥാനത്ത് എ എ പിയുമായി സഖ്യം രൂപീകരിച്ച കോണ്‍ഗ്രസ് 3 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഏറെ നാള്‍ നീണ്ടു നിന്ന ചർച്ചകള്‍ക്ക് ഒടുവില്‍ ഈ മൂന്ന് സീറ്റിലേക്കും പാർട്ടി സ്ഥാനാർത്ഥികളെ കണ്ടെത്തിയെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഉടന്‍ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും. ഡൽഹി മദ്യനയക്കേസിൽ കെജ്‌രിവാളിൻ്റെ അറസ്റ്റ് ചെയ്തത് എഎപി-കോൺഗ്രസ് സഖ്യത്തിന് അനുകൂല ഘടകമായിട്ടാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇതോടെ നേരത്തെയുള്ളതിനേക്കാള്‍ വിജയ സാധ്യത ഇപ്പോള്‍ സഖ്യത്തിനുണ്ട്. അതുകൊണ്ട് തന്നെ മികച്ച സ്ഥാനാർത്ഥികളെ രംഗത്ത് ഇറക്കിയാല്‍ മൂന്ന് മണ്ഡലത്തിലും വിജയിച്ച് കയറാമെന്ന് പാർട്ടി കണക്ക് കൂട്ടുന്നു.

മുതിർന്ന പാർട്ടി നേതാവും മുൻ മന്ത്രിയും നിലവിലെ ഡൽഹി കോൺഗ്രസ് അധ്യക്ഷനുമായ അരവിന്ദർ സിംഗ് ലൗലിക്ക് പുറമേ, മുൻ ജെഎൻയു പ്രസിഡൻ്റും പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ നിലവിലെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ചുമതലയുള്ള കനയ്യ കുമാറുമാണ് സാധ്യതയില്‍ മുന്നിലുള്ളത്. ഭാവി നേതാവെന്ന നിലയിലും നഗരത്തിൻ്റെ രാഷ്ട്രീയത്തിൽ ഒരു പൂർവാഞ്ചലി മുഖമായും കനയ്യയെ അവതരിപ്പിക്കാനാണ് നീക്കം.സഖ്യം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പശ്ചിമ ഡൽഹി സീറ്റിൽ കനയ്യയുടെ പേര് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു.

Exit mobile version