ജസ്റ്റിസ് ദേവൻ രാമചന്ദ്രൻനീതിയുടെ കാവലാൾ

കോടതിമുറികൾ കേവലം വ്യവഹാര കേന്ദ്രങ്ങളോ വിധി പ്രസ്താവന നടത്താനുള്ള കെട്ടിടസമുച്ചയങ്ങളോ മാത്രമല്ല എന്ന് ആവർത്തിച്ച് തെളിയിക്കുകയാണ് കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ.ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സ്വയം കേസുകളെടുത്തും ജനങ്ങൾ ആഗ്രഹിക്കുന്ന നടപടികൾക്ക് നിർദേശിച്ചും , ഉദ്യോഗസ്‌ഥ അധികാരി വർഗ്ഗത്തിൻറെ വീഴ്ചകൾക്ക് സ്വയം ജനങ്ങളോട് മാപ്പ് പറഞ്ഞും വ്യത്യസ്‍തനാവുകയാണ് ദേവൻ രാമചന്ദ്രൻ എന്ന ന്യായാധിപൻ.ആറ് വർഷം മുൻപാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ജഡ്ജിയായി ചുമതലയേൽക്കുന്നത്. അന്ന് തൊട്ട് ഈ ദിവസം വരെ സാധാരണക്കാരൻറെ നാവും മനസുമാണ് അദ്ദേഹം. അദ്ദേഹമാണോ കേരളത്തിലെ യഥാർഥ പ്രതിപക്ഷം എന്ന് പോലും തോന്നി പോകുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ ജനപക്ഷ നിലപാട് തന്നെയാണ് അദ്ദേഹത്തെ ജനഹൃദയത്തിൽ സ്‌ഥാനമുറപ്പിച്ചതും.കൊച്ചി നഗരവാസികളുടെ നീറുന്ന പ്രശ്ങ്ങൾക്ക് പരിഹാരം കാണാനായി നിരന്തരം പോരാടിയിരുന്ന വ്യക്തിത്വമായിരുന്നു ജസ്റ്റിസ്. വി.ആർ. കൃഷ്ണയ്യർ. റോഡിലെ കുഴികളടക്കമുള്ള വിഷയങ്ങളിലെ ജസ്റ്റിസിന്റെ ഇടപെടൽ നഗരവാസികൾക്ക് കൃഷ്ണയ്യർ സ്വാമികളുടെ ഓർമ്മകളിലേക്ക് മടങ്ങാനുള്ള അവസരം കൂടിയായിട്ടുണ്ടാകുമെന്നുറപ്പ്.നീതിന്യായ പീഠത്തിലിരുന്നു ജനങ്ങൾക്ക് ന്യായവും നീതിയും ലഭ്യമാക്കാനുള്ള നിരന്തര പോരാട്ടത്തിലാണ് ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ. അദ്ദേഹത്തിൻറെ വിധിപ്രസ്താവങ്ങളിലും നിലപാടുകളിലും നിരീക്ഷണങ്ങളിലും ജനപക്ഷ, മാനുഷിക നിലപാടുകൾ കാണാനാകും.പാലാരിവട്ടത്ത് റോഡരികിലെ കുഴിയിൽ വീണ് യദുലാൽ എന്ന 23 കാരൻ ദാരുണമായി മരണപ്പെട്ടതിനെ തുർന്നുണ്ടായ ഹൈക്കോടതി ഇടപെടലിലൂടെയാണ് ജസ്റ്റിസ്. ദേവൻ രാമചന്ദ്രനെ പൊതു സമൂഹം ശ്രദ്ധിച്ചു തുടങ്ങിയത്. യദുവിന്റെ മാതാപിതാക്കളോട് മാപ്പ് ചോദിച്ചതും ലജ്ജിച്ചു തലതാഴ്ത്തുകയാണ് ഞാൻ എന്ന അദ്ദേഹത്തിൻറെ വാക്കുകളും കൂരമ്പ് പോലെ തറച്ചത് അധികാരി വർഗത്തിന് നേരെയായിരുന്നു. വീഗാലാൻഡിൽ അപകടത്തിനിരയായി ശരീരം തളർന്ന വിജേഷിൻറെ കേസ് പരിശോധിക്കവേ അമിക്കസ് ക്യൂറിയെ നിരോധിച്ചത്, ഒരമ്മയോട് ചെയ്തത് ക്രൂരതയല്ലേ എന്ന് ചോദിച്ച് താത്കാലിക ജോലിക്കാരിയെ പിരിച്ചു വിട്ട നടപടി പിൻവലിപ്പിച്ചത്, എൻഡോസൾഫാൻ ദുരിതബാധിതനായി മരണപ്പെട്ട ആളുടെ വീട്ടുകാർക്കെതിരെ ബാങ്ക് നടപടി സ്വീകരിച്ചപ്പോൾ പതിനായിരം രൂപയല്ലേ, അതങ്ങു എഴുതിത്തള്ളികൂടെ എന്ന് ധനകാര്യ സെക്രട്ടറിയോട് ചോദിച്ചത്, ഇതെല്ലാം മനുഷ്യാവകാശങ്ങൾക്കും നീതിയും ന്യായവും നടപ്പാക്കുന്നതിനുമായുള്ള ഇടപെടലുകളിൽ ചിലത് മാത്രം.കോവിഡ് ലോക്‌ഡോൺ കാലത്ത് പോലീസ് അതിരുവിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ കണ്ട ജസ്റ്റിസ് അന്ന് തന്നെ പോലീസ് മേധാവിക്ക് കത്തെഴുതി. ഈ കാണുന്നതൊക്കെ കേരളത്തിൽ ആണോയെന്നറിയില്ല, ആണെങ്കിൽ നടപടി എടുക്കണം എന്നായിരുന്നു കത്തിൽ. പൊതു നിരത്തുകളിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന പരസ്യ ബോർഡുകളുടെ കാര്യത്തിൽ, ജനങ്ങൾക്ക് റോഡിലൂടെ സ്വൈര്യമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യ സംരക്ഷിക്കുന്നതിലുമൊക്കെ ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻറെ ഇടപെടലുണ്ടായി.കേരളത്തിലെ റോഡുകളിൽ മുഴുവൻ മരണക്കുഴികൾ നിറഞ്ഞപ്പോഴും ജനങ്ങളുടെ സംരക്ഷകനായി ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ എത്തി. കർശന നിർദേശമാണ് അദ്ദേഹം ഇക്കാര്യത്തിൽ നൽകിയത്. അതിനു ഫലമുണ്ടാവുകയും ചെയ്തു. കെ എസ് ആർ ടി സി ജീവനക്കാരുടെ വിഷയത്തിലും മാനുഷിക പരിഗണനയ്ക്ക് മുൻതുക്കം നൽകി. ഏറ്റവും ഒടുവിൽ വടക്കാഞ്ചേരിയിലെ അപകടത്തിൽ ഒൻപത് ജീവൻ പൊലിഞ്ഞപ്പോഴും ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ ചൂരലെടുത്തു. ഒരു ന്യായാധിപന് ഏതെല്ലാം തരത്തിൽ ജങ്ങൾക്ക് നീതിയും ന്യായവും നടപ്പാക്കാൻ ശ്രമിക്കാമോ, അത്തരമൊരവസരവും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പാഴാക്കിയിട്ടില്ല.മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെട്ടപ്പോഴെല്ലാം അദ്ദേഹം ഇടപെടലുകൾ നടത്തി. ഇത്തരം ശക്തമായ ഇടപെടലുകളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്ന ജനപക്ഷ കാവലാൾ എന്നും ഇവിടെയുണ്ടാകട്ടെ, പ്രതീക്ഷയുടെ ഒരു തിരിനാളമായി. ഞങ്ങൾക്കും ആരൊക്കെയോ ഉണ്ടെന്ന തോന്നൽ ഇനിയും സാധാരണക്കാർക്ക് ഉണ്ടാകട്ടെ.

Exit mobile version