ഛത്തീസ്ഗഢില്‍ നക്സൽ ആക്രമണത്തെ തുടർന്നുണ്ടായ സ്ഫോടനത്തിൽ മലയാളിയടക്കം രണ്ട്‌ സിആർപിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 

റായ്പൂർ: ഛത്തീസ്ഗഢില്‍ നക്സൽ ആക്രമണത്തെ തുടർന്നുണ്ടായ സ്ഫോടനത്തിൽ മലയാളിയടക്കം രണ്ട്‌ സിആർപിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. നക്സൽ കലാപബാധിത പ്രദേശമായ സുക്മയിലാണ് സ്ഫോടനം നടന്നത്. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആർ.(35) ഷൈലേന്ദ്ര (29), എന്നിവരാണ് വീരമൃത്യു വരിച്ചത്. പാലോട് കാലൻകാവ് സ്വദേശി വിഷ്ണു ആണ് ഛത്തീസ്ഗഢില്‍ മരിച്ചത്. കുഴി ബോംബ് പൊട്ടിയാണ് അപകടം. ഇന്ന് വൈകിട്ട് 4 മണിയോടെ ആണ് വീട്ടുകാർ വിവരം അറിഞ്ഞത്. വിഷ്ണുവിന് ഭാര്യയും രണ്ട് ആൺ മക്കളുമാണുള്ളത്. ഒന്നര മാസം മുൻപ് നാട്ടിൽ വന്നിരുന്നു. വീട് പണി പൂർത്തിയാക്കി ഗൃഹ പ്രവേശനം നടത്തിയത് ഒന്നര മാസം മുൻപ് ആയിരുന്നു. ഇളയ കുട്ടിയെ എഴുത്തിന് ഇരുത്തിനിരുത്തിയ ശേഷമാണ് മടങ്ങിയത്. സംഭവത്തിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഞായറാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം.

സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോ​ഗസ്ഥർ യാത്ര ചെയ്തത്. ജ​ഗർ​ഗുണ്ടാ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് ആക്രമണം. സ്ഫോടനം നടന്നതിന് പിന്നാലെ കൂടുതൽ സേനയെ പ്രദേശത്തേക്ക് അയച്ചതായാണ് റിപ്പോർട്ട്. വാഹനത്തിന്റെ ഡ്രൈവർ വിഷ്ണുവായിരുന്നു. വനത്തിൽ നിന്നും മൃതദേഹം മാറ്റിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ പുരോ​ഗമിക്കുകയാണ്.

Exit mobile version