കാസർകോട് : ഗതാഗതക്കുതിപ്പിന് അതിവേഗം പകർന്ന് തലപ്പാടി – ചെങ്കള ആദ്യറീച്ച് പകുതിയിൽ കൂടുതലും പൂർത്തിയായി. അമ്പതുശതമാനം പൂർത്തിയായതിന്റെ പ്രഖ്യാപനം രണ്ടുമാസം മുമ്പ് നടത്തിയിരുന്നു. 75 ശതമാനം പൂർത്തിയായാൽ പാത സജ്ജമായതായി കണക്കാക്കി ഉദ്‌ഘാടനത്തിലേക്ക് നീങ്ങും. ആറുവരി ദേശീയപാതയും രണ്ടുവരി സർവീസ് റോഡുമാണ് കുതിപ്പിനായി ഒരുങ്ങുന്നത്. 2024ൽ പണി പൂർത്തിയാക്കുമെന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി (യുഎൽസിസി) മുമ്പേ പ്രഖ്യാപിച്ചതാണ്. തലപ്പാടി –- ചെങ്കള റീച്ചിൽ 40.6 കിലോമീറ്റർ റോഡാണ് പൂർത്തീകരണത്തിലേക്കെത്തുന്നത്. ഇതിൽ 18 കിലോമീറ്ററിൽ പൂർണടാറിങ് കഴിഞ്ഞു. ഇരുഭാഗത്തുമായി സർവീസ് റോഡിൽ 22.5 കിലോമീറ്ററും പൂർത്തിയായി. അഞ്ച് വലിയപാലവും നാല് ചെറുപാലവും കാസർകോട് ടൗണിലടക്കം രണ്ട് മേൽപ്പാലവും ഈ റീച്ചിലുണ്ട്. ഇതിൽ മഞ്ചേശ്വരം പാലം, പൊസോട്ട് പാലം, ഹൊസങ്കടി മേൽപ്പാലം എന്നിവയും ഗതാഗതത്തിന് തുറന്നുകൊടുത്തു. വലിയ പാലങ്ങളിൽ ഉപ്പള 80 ശതമാനവും ഷിറിയ (65), കുമ്പള (90), മൊഗ്രാൽ (65) ശതമാനവും ജോലികൾ പൂർത്തിയായി. ചെറിയ പാലങ്ങളായ കുക്കാർ (60), ഏരിയാൽ (75) ശതമാനം ജോലിയും തീർന്നു.