കർഷകത്തൊഴിലാളികൾക്ക്‌ ഉയർന്ന വേതനം കേരളത്തിൽ.

ന്യൂഡൽഹി:കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വരുമാനത്തിൽ മുന്നിൽ കേരളമെന്ന്‌ രാജ്യസഭയിൽ കൃഷിമന്ത്രി നരേന്ദ്ര സിങ്‌ തോമർ വ്യക്തമാക്കി. ഗുജറാത്ത്‌ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പിന്നിൽ. കേരളത്തിൽ 17,915 രൂപയാണ്‌ കർഷകരുടെ ശരാശരി പ്രതിമാസ വരുമാനം. അഖിലേന്ത്യ ശരാശരി 10,218 രൂപ മാത്രം. ഗുജറാത്തിൽ കർഷകകുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനം 12,631 രൂപ മാത്രമാണ്‌.

കർഷകത്തൊഴിലാളികൾക്ക്‌ കേരളത്തിൽ 2021–-22ലെ കണക്കുപ്രകാരം ശരാശരി 736.31 രൂപയാണ്‌ ദിവസക്കൂലി. ജമ്മു കശ്‌മീർ–- 532.03, ഹിമാചൽപ്രദേശ്‌–-470.56, തമിഴ്നാട്‌–- 450.69 എന്നിവിടങ്ങളിൽ താരതമ്യേന ഉയർന്ന കൂലിയാണ്‌. ഗുജറാത്തിൽ 224.10 രൂപ മാത്രം. കൂലി ഏറ്റവും കുറവ്‌ മധ്യപ്രദേശിലാണ്‌–- 220.94 രൂപ.

കർഷകത്തൊഴിലാളികളുടെ ആത്മഹത്യ സംബന്ധിച്ച വിവരങ്ങൾ പ്രത്യേകം ശേഖരിക്കുന്നത്‌ ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ അവസാനിപ്പിച്ചെന്നും മന്ത്രി അറിയിച്ചു. ‘അപകട മരണങ്ങളും ആത്മഹത്യകളും’ എന്ന ശീർഷകത്തിലാണ്‌ ഇത്‌ ഉൾപ്പെടുത്തുന്നത്‌.


Exit mobile version