കൊല്ലത്ത് വൻ കഞ്ചാവ് വേട്ട; 53 കിലോ കഞ്ചാവ് പിടികൂടി, രണ്ട് പേർ പിടിയിൽ.

കൊല്ലം: കൊല്ലത്ത് വൻ കഞ്ചാവ് വേട്ട. 53 കിലോ കഞ്ചാവ് പിടികൂടി. രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി. കൊല്ലം ചടയമം​ഗലത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. കാറിൽ പ്രത്യേകം നിർമിച്ച അറകളിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കൊല്ലം റൂറൽ പോലീസിന്റെ ഡാൻസാഫ് ടീമും ചടയമംഗലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെ നിലമേൽ വച്ചാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കാറിലുണ്ടായിരുന്ന ചിതറ സ്വദേശി ഫെബിമോൻ, നെയ്യാറ്റിൻകര സ്വദേശി ഷൈൻ എന്നിവരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഫെബിമോൻ മുൻപും സമാന കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

80 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ ഫെബിമോനെ ചാത്തന്നൂർ പോലീസ് മുൻപ് പിടികൂടിയിരുന്നു. ഒറീസയിൽ നിന്നാണ് പ്രതികൾ വിൽപ്പനയ്ക്കായുള്ള കഞ്ചാവ് എത്തിച്ചത്. ഇവരുടെ കാറിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റുകളും പിടിച്ചെടുത്തു. പിടിയിലായ സമയത്ത്, പ്രതികൾ കൊട്ടാരക്കര സ്വദേശിയുടെ പേരിലുള്ള വാഹനത്തിന്റെ നമ്പറാണ് കാറിന് ഉപയോഗിച്ചിരുന്നത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കൊല്ലം റൂറൽ ഡാൻസാഫ് ടീം തിരുവനന്തപുരം മുതൽ കാറിനെ പിന്തുടരുകയായിരുന്നു. നിലമേലിൽ എത്തിയപ്പോൾ ചടയമംഗലം പോലീസിന്റെ സഹായത്തോടെ കാർ വളയുകയായിരുന്നു. തുടർന്നാണ് പ്രതികളെ പിടികൂടിയത്.

Exit mobile version