മൂന്നാർ :കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെ നടത്തിയ നവീകരണം ഇന്ന് വൈകിട്ട് 3.45 ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മുൻ എംപി അഡ്വ. ജോയ്സ് ജോർജിന്റെ ശ്രമഫലമായാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തമിഴ്നാട്ടിൽനിന്ന് ഈ പാതയിലൂടെ വളരെ വേഗം മൂന്നാറിൽ എത്താം. യാത്രയ്ക്കൊപ്പം പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കുകയും ചെയ്യാം. മൂന്നാറിന്റെ ടൂറിസം വികസനത്തിനു തന്നെ നാഴികക്കല്ലായി ഇതു മാറും.
ദേശീയപാതയുടെ നവീകരണത്തിനായി കേന്ദ്രസർക്കാരിൽ നിന്ന് 481.76 കോടി രൂപ അനുവദിച്ച് 2017 ഒക്ടോബറിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. 2018ലും തുടർന്നുള്ള വർഷങ്ങളിലും പ്രളയം നവീകരണ പ്രവർത്തനങ്ങൾക്ക് തടസമായെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ നിർമാണ പ്രവർത്തനം ഊർജസ്വലമായി നടന്നു. തമിഴ്നാട് അതിർത്തി പ്രദേശമായ ബോഡി, തേനി എന്നിവിടങ്ങളിലേക്ക് അനായാസം എത്താം.