തിരുവനന്തപുരം:കേരളത്തിന്റേത് ജനകീയ വികസന മാതൃകയാണെന്നും അതു സംരക്ഷിക്കാൻ എല്ലാ പോരാട്ടത്തിനും തയ്യാറാകണമെന്നും പ്രമുഖ മാധ്യമ പ്രവർത്തകൻ പി സായ്നാഥ് പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ കേരള പദയാത്രയ്ക്ക് സമാപനം കുറിച്ച് ഗാന്ധി പാർക്കിൽ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കോർപറേറ്റ് വികസന മാതൃകയാണ് അരങ്ങേറുന്നത്. ഈ കോർപറേറ്റ് വികസനത്തിന്റെ സൃഷ്ടിയാണ് കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമെല്ലാം. ഈ പേരുകൾ കേൾക്കുമ്പോൾ അതൊരു പ്രതിഭാസം ആണെന്ന തോന്നലാണുണ്ടാകുന്നത്. ഇത് യഥാർഥ കുറ്റവാളികളെ മറച്ചുവയ്ക്കാനാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഭീഷണി നേരിടുന്ന സംസ്ഥാനമാണ് കേരളം. അതിനു തെളിവാണ് കഴിഞ്ഞ രണ്ടു പ്രളയമെന്നും അദ്ദേഹം പറഞ്ഞു.