തിരുവനന്തപുരം: കേരളത്തിന്റെ വികസനസ്വപ്‌നങ്ങൾക്ക് കൂടുതൽ നിറം നൽകി കിഫ്‌ബി 5681.98 കോടി രൂപയുടെ പുതിയ പദ്ധതികൾകൂടി ഏറ്റെടുക്കും. തിങ്കളാഴ്‌ച ചേർന്ന കേരള അടിസ്ഥാനസൗകര്യ നിക്ഷേപ നിധി ബോർഡ് (കിഫ്‌ബി ) യോഗം 64 പദ്ധതിക്കുകൂടി ധനാനുമതി നൽകി. ഇതോടെ 80,352 കോടി രൂപയുടെ 1057 പദ്ധതികൾ കിഫ്ബിവഴി നടപ്പാക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അധ്യക്ഷനായി. റോഡുവികസനത്തിന് സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ മരാമത്ത് വകുപ്പിന്റെ 36പദ്ധതിക്കുകൂടി അംഗീകാരമായി. 3414.16 കോടിയാണ് അടങ്കൽ. കോസ്റ്റൽ ഷിപ്പിങ് വകുപ്പിനു കീഴിൽ കൊച്ചി സംയോജിത ജലഗതാഗത പദ്ധതിയിലെ ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടിയും എളംകുളം സ്വിവറേജ് പ്ലാന്റിന് 341.97 കോടി രൂപയും അനുവദിച്ചു.
ആരോഗ്യവകുപ്പിന്റെ എട്ടു പദ്ധതിക്ക് 605.49 കോടിയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഒമ്പതു പദ്ധതിക്ക് 600.48 കോടിയുമുണ്ട്. 467.32 കോടിയിൽ ജലവിഭവ വകുപ്പിന്റെ മൂന്നു പദ്ധതി അംഗീകരിച്ചു. തദ്ദേശഭരണ വകുപ്പിന്റെ 42.04 കോടി അടങ്കലിലെ രണ്ടു പദ്ധതിയിൽ തൃശൂർ കോർപറേഷനിലെ ആധുനിക അറവുശാലയും 12 ഇടങ്ങളിൽ ആധുനിക ശ്‌മശാനങ്ങളും ഉൾപ്പെടുന്നു. പത്തനംതിട്ടയിലെ ബ്ലെസൺ ജോർജ് ഇൻഡോർ സ്റ്റേഡിയത്തിന് 47.93 കോടിയുണ്ട്. എട്ട് സ്‌കൂളിന്റെ നവീകരണത്തിന് 31.11 കോടിയും മൃഗസംരക്ഷണ വകുപ്പിന്റെ ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്റർ നിർമാണത്തിനായി 10.24 കോടിയും നീക്കിവച്ചു.