ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഫെഡറലിസത്തിനു വെല്ലുവിളിയാകരുതെന്നും കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ സംസ്ഥാനവുമായി കൂടിയാലോചന വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, മറ്റു കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവരടക്കമുള്ളവർ പങ്കെടുത്ത നതി ആയോഗിന്റെ ഏഴാം ഗവേണിങ് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സ്റ്റേറ്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമനിർമാണം നടത്തുന്നതിൽ നിന്ന് കേന്ദ്രം വിട്ടുനിൽക്കണം. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ നിയമ പരിഹാരം ഉണ്ടാകണം. പാർശ്വവത്കൃത വിഭാഗത്തിന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഇത് അനിവാര്യമാണ്. ഭരണഘടനയുടെ 11, 12 പട്ടികകളിൽ പറയുന്ന എല്ലാ കാര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിച്ചു കഴിഞ്ഞ കേരളം, വികേന്ദ്രീകൃത പ്രവർത്തനങ്ങളിൽ മുൻനിരയിലാണ്. സംസ്ഥാനത്തിന്റെ കൺസോളിഡേറ്റ് ഫണ്ട് വിതരണം ചെയ്യുമ്പോൾ ഇതും പരിഗണിക്കണം- മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പിഎം ആവാസ് യോജനയിൽ നഗര- ഗ്രാമ പദ്ധതികൾക്കുള്ള വിഹിതം വർധിപ്പിക്കണമെന്നതാണ് മറ്റൊരു ആവശ്യം. നിർമാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതും പരിഗണിക്കേണ്ടതാണ്. കേരളത്തിന്റെ ഗതാഗത രംഗം ആധുനികവത്കരിക്കാൻ ദേശീയപാതാ വികസനം അടക്കമുള്ള നടപടികൾ സമയബന്ധിതമായി പൂർത്തികരിക്കണം. അപകടങ്ങൾ കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതമാർഗങ്ങൾ പ്രോത്സാഹിപ്പിക്കാനും കേരളത്തിന്റെ വ്യോമ, റെയ്ൽ പദ്ധതികൾക്ക് ഉടനടി അംഗീകാരം നൽകാൻ നടപടി സ്വീകരിക്കണം.
590 കിലോമീറ്ററോളം നീണ്ട തീരമുള്ള കേരളത്തിൽ കനത്ത മഴ മണ്ണൊലിപ്പ് വർധിപ്പിക്കുന്നു. തീരസംരക്ഷണ നടപടികൾ മെച്ചപ്പെടുത്താൻ സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ വേണം. മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണം.
തേങ്ങയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനും ടിഷ്യൂ കൾച്ചർ തെങ്ങിൻ തൈകളുടെ ഉത്പാദനത്തിനും വാണിജ്യവത്കരണത്തിനും ആവശ്യമായ ഗവേഷണ, വികസന, സാമ്പത്തിക സഹായങ്ങൾ കേന്ദ്രത്തിൽ നിന്നും ഉണ്ടാവണം. പാമോയിൽ ഉത്പാദനത്തിൽ മുൻനിരയിലുള്ള കേരളത്തിൽ ഒരു സംസ്കരണ യൂണിറ്റ് മാത്രമാണ് പ്രവർത്തിക്കുന്നത്. പാമോയിൽ ഉത്പാദനം വർധിപ്പിക്കാൻ പുതിയ സംസ്കരണശാലകൾ തുടങ്ങുന്നതിന് പിന്തുണ നൽകണം. നിലക്കടല ഉത്പാദനത്തിനും സാങ്കേതികവും സാമ്പത്തികവുമായ സഹായം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നീതി ആയോഗിന്റെ പുതിയ വൈസ് ചെയർമാൻ സുമൻ ബെറി, സിഇഒ പരമേശ്വരൻ അയ്യർ എന്നിവർ ചുമതലയേറ്റ ശേഷമുള്ള ആദ്യ യോഗമാണ് നടന്നത്. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ, ഗതാഗത ഹൈവേ വകുപ്പു മന്ത്രി നിതിൻ ഗഡ്കരി അടക്കമുള്ളവരും കൗൺസിൽ യോഗത്തിൽ പങ്കെടുത്തു.