കെഎസ്ഇബി : ബി.അശോക് പുറത്ത്: രാജന്‍ ഖൊബ്രഗഡേ പുതിയ ചെയര്‍മാന്‍

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാന്‍ ഡോ.ബി.അശോകിനെയാണ് മാറ്റി പകരം മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.രാജന്‍ ഖൊബ്രഗഡേ പുതിയ ചെയര്‍മാനാവും. ബി.അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റി നിയമിച്ചിട്ടുള്ളത്. കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുമായിയുണ്ടായ പ്രശ്‌നങ്ങള്‍ അശോകിനെ മാറ്റാന്‍ വലിയ സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ടായിരുന്നു. കെഎസ്ഇബി ചെയര്‍മാനായി ഇന്ന് ഒരു വര്‍ഷം തികയ്ക്കാന്‍ ഇരിക്കെയാണ് അശോകിന് മാറ്റുന്നത്. അശോകിനെതിരെ കെഎസ്ഇബിയിലെ സിഐടിയു നേതൃത്വം ശക്തമായ സമരവുമായി രംഗത്ത് വന്നിരുന്നു. മുന്‍ മന്ത്രി എംഎം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി തന്നെ അശോകിനെതിരെ തിരിഞ്ഞിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിര്‍വഹിച്ച വ്യക്തിയാണ് രാജന്‍ ഖൊബ്രഗഡേ. മൂന്നാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആരോഗ്യവകുപ്പില്‍നിന്നും ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്. അതിനിടയില്‍ യൂണിയന്‍ നേതാക്കള്‍ക്കുള്ള യൂണിയന്‍ പ്രൊട്ടക്ഷനില്‍ ഭേദഗതി വരുത്തി പടിയിറങ്ങും മുമ്പ് വിവാദ ഉത്തരവിറക്കി ബി അശോക്. യൂണിയന്‍ പ്രൊട്ടക്ഷന്‍ ഇനി അതാത് ജില്ലകളില്‍ മാത്രമായിരിക്കുമെന്നാണ് ഉത്തരവ്. അച്ചടക്ക നടപടി നേരിട്ടവര്‍ക്ക് മുമ്പുണ്ടായിരുന്ന സ്ഥലത്തേക്ക് തിരിച്ചു വരാനാകില്ല. അതേ സമയം ചെയര്‍മാനെ മാറ്റിയത് സര്‍ക്കാരിന്റെ തീരുമാനമാണെന്നും പുതുതായി വരുന്ന ചെയര്‍മാനില്‍ പ്രതീക്ഷയുണ്ടെന്നും യൂണിയന്‍ നേതാവ് എംജി സുരേഷ് കുമാര്‍ പ്രതികരിച്ചു. ബി.അശോകിനെ മാറ്റിയതിനുപിന്നില്‍ യൂണിയനുകളുടെ സമ്മര്‍ദ്ദമില്ലെന്നും അശോക് മികച്ച ഉദ്യോഗസ്ഥനുമാണെന്നുമാണ് വൈദ്യുതി മന്ത്രി പ്രതികരിച്ചത്.

Exit mobile version