കളമശ്ശേരി ബോംബ് സ്ഫോടനം;ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി

കൊച്ചി : കളമശ്ശേരിയിൽ മൂന്ന് പേർ മരിക്കാൻ ഇടയായ ബോംബ് സ്ഫോടന കേസിൽ പ്രതിയായ ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. യുഎപിഎ, ഗൂഢാലോചന, കൊലപാതകം, സ്ഫോടക വസ്തു നിയമം, വധശ്രമം എന്നീ വകുപ്പകൾ ചാർത്തിയാണ് പോലീസ് മാർട്ടിന്റെ അറസ്റ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാന പോലീസിന്റെ ഉന്നതതല യോഗത്തിന് ശേഷമാണ് സ്ഫോടന കേസിൽ കീഴടങ്ങിയ മാർട്ടിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. നിലവിൽ കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിന് സമീപത്തുള്ള പ്രത്യേക ക്യാമ്പിലാണ് പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്.

ഞായറാഴ്ചയാണ് 9.30 ഓടെയാണ് യഹോവയുടെ സാക്ഷികൾ എന്ന ക്രിസ്ത്യൻ സംഘടനയുടെ കൺവെൻഷൻ സെന്ററിൽ ഡൊമിനിക് മാർട്ടിൻ ബോംബ സ്ഫോടനം നടത്തിയത്. യഹോവ സാക്ഷികളുടെ മുൻ അംഗവും കൂടിയാണ് മാർട്ടിൻ. കളമശ്ശേരിയിലെ സാമ്ര കൺവെൻഷൻ സെന്ററിൽ പ്രാർഥനയ്ക്കിടെ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായത്.  സ്‌ഫോടനത്തിൽ 51 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്.

Exit mobile version