ഓർമപ്പന്തായി പെലെ , വിതുമ്പി ലോകം.

സാവോപോളോ:പെലെയുടെ ഓർമകൾക്കുമുന്നിലാണ് ലോകം. ബ്രസീലിൽ മാത്രമല്ല, ഫുട്‌ബോളിന്റെ ചെറുചലനങ്ങളുള്ള ഏതൊരു നാട്ടിലും പെലെ വിതുമ്പലായി അവശേഷിക്കുന്നു. ചൊവ്വാഴ്‌ചയാണ്‌ സംസ്‌കാരച്ചടങ്ങുകൾ. കളിച്ചുവളർന്ന സാന്റോസിലാണ്‌ അന്ത്യവിശ്രമം ഒരുക്കുന്നത്‌. സാവോപോളോയിലെ വില ബെൽബിറോ സ്‌റ്റേഡിയത്തിൽ പൊതുദർശനമുണ്ടാകും.

തിങ്കൾ രാവിലെ സാവോപോളോ ആശുപത്രിയിൽനിന്ന്‌ മൃതദേഹം കൊണ്ടുപോകും. വില ബെൽബിറോ മൈതാനത്തിന്റെ നടുവിലായിരിക്കും വയ്‌ക്കുക. പൊതുദർശനം ബ്രസീൽ സമയം രാവിലെ 10.30 മുതൽ ചൊവ്വ രാവിലെവരെയായിരിക്കും. തുടർന്ന്‌ സാന്റോസ്‌ നഗരത്തിലൂടെ ശവമഞ്ചം കൊണ്ടുപോകും. ഇതിനിടെ പെലെയുടെ അമ്മയുടെ വസതിക്കുമുന്നിലും വയ്‌ക്കും. പെലെയുടെ 100 വയസ്സുള്ള അമ്മ സെലെസ്‌റ്റെ കിടപ്പിലാണ്‌. സാന്റോസിലെ മെമ്മോറിയൽ നെക്രോപോൾ എകുമെനിക സെമിത്തേരിയിലാണ്‌ സംസ്‌കാരച്ചടങ്ങുകൾ. കുടുംബാംഗങ്ങൾക്കുമാത്രമാണ്‌ പ്രവേശം.

ലോകനേതാക്കളും കായികരംഗത്തെ പ്രമുഖരുമെല്ലാം യാത്രാമൊഴി ചൊല്ലി. അർബുദവുമായി പൊരുതി വെള്ളി പുലർച്ചെയായിരുന്നു അന്ത്യം. ഒരുമാസമായി ആശുപത്രിയിലായിരുന്നു. ഫുട്‌ബോളെന്ന കായികവിനോദത്തെ കലയാക്കി മാറ്റി, അതിൽ ആനന്ദം നിറച്ചത്‌ പെലെയാണെന്നായിരുന്നു ബ്രസീൽ താരം നെയ്‌മറിന്റെ കുറിപ്പ്‌. ഒരു പന്ത്‌ ഒരു ജനതയുടെ ശബ്‌ദമായി മാറിയത്‌ പെലെയിലൂടെയായിരുന്നു. മൂന്നുതവണ ബ്രസീലിനെ ലോക കിരീടത്തിലേക്ക്‌ നയിച്ച താരം ഇന്നും ഒരത്ഭുതമാണെന്ന്‌ നെയ്‌മർ എഴുതി.

കഴിഞ്ഞവർഷമാണ്‌ പെലെയ്‌ക്ക്‌ കുടലിന്‌ അർബുദം ബാധിച്ചത്‌. സെപ്‌തംബറിൽ മുഴ നീക്കംചെയ്‌തു. ഈ വർഷം നവംബർ 29നാണ്‌ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ആരോഗ്യം മോശമായെന്ന്‌ കഴിഞ്ഞയാഴ്‌ച ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. സാന്ത്വനപരിചരണ വിഭാഗത്തിലായിരുന്നു എൺപത്തിരണ്ടുകാരൻ. ക്രിസ്‌മസ്‌ രാവിൽ കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിൽ ഒത്തുകൂടിയിരുന്നു.

Exit mobile version