ഓൺലൈൻ ഗെയിമിങ്, ചൂതാട്ടകേന്ദ്രങ്ങൾ, കുതിരപ്പന്തയം എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി ഏ‍ർപ്പെടുത്തി.

തിരുവനന്തപുരം: ഓൺലൈൻ ഗെയിമിങ്, ചൂതാട്ടകേന്ദ്രങ്ങൾ, കുതിരപ്പന്തയം എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി ഏ‍ർപ്പെടുത്തി. ഒക്‌ടോബർ ഒന്നുമുതൽ പ്രാബല്യത്തിലാകും. ഇതിന്‌ നടപടി ആരംഭിച്ചതായി ബുധനാഴ്‌ച ജിഎസ്‌ടി കൗൺസിലിന്റെ പ്രത്യേക ഓൺലൈൻ യോഗത്തിനുശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ജൂലൈ 11ന്‌ ചേർന്ന കൗൺസിലിന്റെ അമ്പതാമത്‌ യോഗമാണ്‌ വാതുവയ്‌പുകൾക്കും ഓൺലൈൻ ഗെയിമുകൾക്കും പന്തയ തുകയുടെ മുഖവിലയ്‌ക്ക്‌ നികുതി തീരുമാനിച്ചത്‌. ഇത്‌ പുനഃപരിശോധിക്കണമെന്നും സമ്മാനത്തുക കിഴിച്ചുള്ള പ്രവർത്തന മിച്ചത്തിന്‌ ജിഎസ്‌ടി നടപ്പാക്കണമെന്നും വൻകിട കമ്പനികളടക്കം ആവശ്യമുന്നയിച്ചെങ്കിലും പ്രത്യേക ജിഎസ്‌ടി കൗൺസിൽ യോഗം തള്ളി. ആറുമാസം കഴിഞ്ഞ്‌ ഇക്കാര്യത്തിൽ അവലോകനം നടത്തും. കൗൺസിൽ തീരുമാനം നടപ്പാക്കാൻ സിജിഎസ്‌ടി നിയമത്തിന്റെ മൂന്നാം പട്ടികയിലും ഐജിഎസ്‌ടി നിയമത്തിലും ദേദഗതി വേണം. ലഭിക്കുന്ന സമ്മാനത്തുക വീണ്ടും പന്തയത്തിലിറക്കിയാൽ അത്‌ ജിഎസ്‌ടിയിൽനിന്ന്‌ ഒഴിവാക്കും. ഈ പാർലമെന്റ്‌ സമ്മേളനത്തിൽ ബിൽ വന്നേക്കും. തുടർന്ന്‌ സംസ്ഥാനങ്ങളുടെയും നിയമം ഭേദഗതി ചെയ്യേണ്ടിവരും. ഓൺലൈൻ ഗെയിമുകൾ നിരോധിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം നിലർത്തിയായിരിക്കും കേന്ദ്ര നിയമ ഭേദഗതി. ഇത്‌ രണ്ടുമാസത്തിനകം പുർത്തിയായേക്കും. പുറംരാജ്യങ്ങളിൽനിന്നുള്ള സ്ഥാപനങ്ങൾ നികുതി ഒടുക്കാതെ നടത്തുന്ന ഓൺലൈൻ മണി ഗെയിമുകളിലും പിടിവീഴും. ഇത്തരം സൈറ്റുകൾ തടസ്സപ്പെടുത്തുന്നതടക്കമുള്ള നടപടികളെടുക്കും

Exit mobile version