ഓയൂരിൽനിന്ന്‌ നാലംഗസംഘം തട്ടിക്കൊണ്ടുപോയ  അബിഗേൽ സാറയെ കണ്ടെത്താൻ  സംസ്ഥാനം അരിച്ചുപെറുക്കി പൊലീസ്.

ഓയൂർ: ഓയൂരിൽനിന്ന്‌ നാലംഗസംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേൽ സാറയെ കണ്ടെത്താൻ  സംസ്ഥാനം അരിച്ചുപെറുക്കി പൊലീസ്.  പൊലീസ്‌ ആസ്ഥാനത്ത്‌ പ്രത്യേക കൺട്രോൾ റൂം തുറന്നു. തട്ടിക്കൊണ്ടുപോകലിനായി കൃത്യമായ ആസൂത്രണം നടന്നതായാണ് പൊലീസ്‌ നിഗമനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ  ജില്ലകളിൽ  പഴുതടച്ച വാഹന പരിശോധനയാണ് പൊലീസ് നടത്തുന്നത്.  കൊല്ലം ജില്ലയുടെ ഉൾഗ്രാമങ്ങളിൽ ഉൾപ്പെടെ റോഡുകളിലും മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വനമേഖലകളിലും പൊലീസ്‌ വലവിരിച്ചു. പ്രധാന റോഡുകളിൽ ഉൾപ്പെടെ കാർ കടന്നുപോകാൻ സാധ്യതയുള്ള എല്ലാ വഴികളിലും പരിശോധന ശക്തമാണ്‌. ആദ്യം അഞ്ചുലക്ഷം രൂപയും പിന്നെ പത്തുലക്ഷവും  മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ സന്ദേശം എത്തിയതിലും ദുരൂഹതയുണ്ടെന്നാണ്‌ പൊലീസ്‌ നിഗമനം. 

എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.  സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വ്യാപക അന്വേഷണത്തിന് നിർദേശം നൽകി. തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലും പ്രദേശത്ത്‌ തെരച്ചിൽ നടക്കു ന്നു. ഡിവൈഎസ്‌പി വിജയകുമാറിന്റെ നേതൃത്വത്തിൽ രക്ഷാകർത്താക്കളിൽനിന്നും ബന്ധുക്കളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. കാറിൽ രണ്ടുകുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതും സംശയത്തിന്‌ ഇടയാക്കുന്നതായി പൊലീസ്‌ പറഞ്ഞു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ പ്രത്യേക കൺട്രോൾ റൂം നമ്പരായ 112ലോ 9946923282, 9495578999 എന്നിവയിലോ അറിയിക്കണമെന്നാണ്‌ പൊലീസ്‌ നിർദ്ദേശം.

Exit mobile version