കൊച്ചി:അർബുദ പ്രതിരോധ മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓങ്കോളജി പാർക്കിന്റെ നിർമാണം ആലപ്പുഴയിൽ ഉടൻ ആരംഭിക്കും. പദ്ധതിയുടെ വിശദ രൂപരേഖ കിഫ്ബിക്ക് സമർപ്പിച്ചു. 231 കോടി രൂപ ചെലവഴിച്ച് സ്ഥാപിക്കുന്ന പാർക്ക് 2026 മാർച്ചിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഓരോ വർഷവും 35,000 പുതിയ അർബുദ രോഗികൾ കേരളത്തിലുണ്ടാകുന്നുവെന്നാണ് കണക്ക്. സ്ത്രീകളിൽ സ്തനാർബുദവും ഗർഭാശയ അർബുദവും കൂടുതൽ കണ്ടുവരുമ്പോൾ പുരുഷന്മാർക്ക് തൊണ്ടയിലും വായിലും ശ്വാസകോശത്തിലുമാണ് അർബുദം ബാധിക്കുന്നത്. 2020-–-21 സാമ്പത്തികവർഷത്തെ സംസ്ഥാന ബജറ്റിലാണ് ധനമന്ത്രിയായിരുന്ന ടി എം തോമസ് ഐസക് ആലപ്പുഴയിൽ ഓങ്കോളജി പാർക്ക് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. ആലപ്പുഴ കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിനോട് (കെഎസ്ഡിപി) അനുബന്ധിച്ച് 6.55 ഏക്കർ സ്ഥലത്താണ് പാർക്ക് യാഥാർഥ്യമാകുന്നത്. സഹകരണവകുപ്പിൽനിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമിയാണിത്. വ്യവസായവകുപ്പിന്റെ കീഴിൽ നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ കഴിഞ്ഞദിവസം സമർപ്പിച്ചു. വിദഗ്ധരുമായി ആശയവിനിമയം നടത്തി തുടർ ശിൽപ്പശാലകൾ ആരംഭിച്ചു.