സൂരജ്കുണ്ഡ് : രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് സേനയ്ക്ക് ഏകീകരിച്ച യൂണിഫോം എന്ന ആശയം മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഹരിയാനയിലെ സൂരജ്കുണ്ഡിൽ രാജ്യത്തെ ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ഷിവറിൽ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഈ ആശയം മുന്നോട്ട് വച്ചത്.
ഇപ്പോഴില്ലെങ്കിലും ഭാവിയിലെങ്കിലും ഇത് നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
പൊലീസിനെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ ഗുണകരമായുള്ള മാറ്റം വേണമെന്ന് പറഞ്ഞ മോദി സംസ്ഥാനങ്ങളിലെ ക്രമസമാധാനമെന്നത് അതാത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് ആഭ്യന്തര മന്ത്രിമാരെ ഓര്‍മ്മപ്പെടുത്തി.
സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് രാജ്യത്തെ കുറ്റകൃത്യങ്ങളും വ്യത്യാസപ്പെടുന്നു. അതിനാല്‍ ക്രമസമാധാനം പരിപാലിക്കുന്നതില്‍ സംസ്ഥാന-കേന്ദ്ര ഏജന്‍സികള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.
ഇത് രാജ്യത്തിന്റെ ഐക്യത്തെ നേരിട്ട് ബാധിക്കുന്നതാണെന്നും സംസ്ഥാനങ്ങള്‍ക്ക് പരസ്പരം ഒരു പാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ഇത് രാജ്യത്തിന്റെയും ജനങ്ങളുടെയും ഉന്നതിയ്ക്ക് വഴിവെയ്ക്കുമെന്നും മോദി പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്കും നീളുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഒരേ വൈദഗ്ദ്ധ്യത്തോടെ ഒറ്റക്കെട്ടായി ഇത്തരം കാര്യങ്ങളെ നേരിടുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു.