ഒരു കോടി രൂപ വിലവരുന്ന സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ച വിമാനക്കമ്പനി ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ വീണ്ടും കോടികളുടെ സ്വർണവേട്ട. കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വിമാനക്കമ്പനി ജീവനക്കാരനെയാണ് കയ്യോടെ പിടികൂടിയത്. എയർലൈൻ ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീം (35) ആണ് അറസ്റ്റിലായത്. കരിപ്പൂർ കരുവാംകല്ല് സ്വദേശിയാണ്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന 2.64 കിലോ സ്വർണമാണ് ഷമീം കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്. സ്വർണ മിശ്രിതവുമായി വന്ന ജീവനക്കാരനെ സിഐഎസ്എഫ് ആണ് വലയിലാക്കിയത്. സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽ പരിശോധന നടത്തുകയായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലാകുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുന്ന രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് ഷമീം. വിമാനത്തിൽ സ്വർണവുമായി എത്തിയ യാത്രക്കാരൻ പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി വിമാനക്കമ്പനി ജീവനക്കാരനായ ഷമീമിന് സ്വർണം കൈമാറുകയായിരുന്നു. ഇയാൾ മറ്റൊരു ഗേറ്റ് വഴി സ്വർണ്ണം പുറത്തെത്തിച്ച് അവിടെ കാത്തുനിൽക്കുന്നവർക്ക് കൈമാറാനായിരുന്നു പദ്ധതി. കരിപ്പൂരിൽ വിമാന കമ്പനി ജീവനക്കാർ അടങ്ങുന്ന ലോബി സ്വർണക്കടത്ത് സംഘത്തിന് സഹായം ചെയ്യുന്നതായി പരാതി ശക്തമാണ്.

Exit mobile version