ഒരു കോടി രൂപ നഷ്‌ടപരിഹാരം; എം വി ഗോവിന്ദൻ സ്വപ്‌ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ചു

കണ്ണൂർ : ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന് വക്കീൽ നോട്ടിസ് അയച്ചു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീർത്തിയുണ്ടാക്കിയെന്ന് നോട്ടിസിൽ പറയുന്നു. നിയമ നടപടിയിൽ നിന്ന് ഒഴിവാകണമെങ്കിൽ ആരോപണം പിൻവലിച്ച് പ്രമുഖ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം. അഡ്വ. നിക്കോളാസ് ജോസഫ് മുഖേനയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങളിൽ നിന്ന് പിന്തിരിയാൻ കടമ്പേരിയിലെ വിജേഷ് പിള്ള വഴി എം വി ഗോവിന്ദൻ മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്തു എന്നായിരുന്നു ആരോപണം. പിന്മാറിയില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. ഈ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കാണിച്ചാണ് നോട്ടീസ്.

Exit mobile version