ന്യൂദല്‍ഹി: നാളെ ഒന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നവരില്‍ എട്ട് കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ഒരു മുന്‍ ഗവര്‍ണറും. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിക്കു പുറമെ അര്‍ജുന്‍ റാം മേഘ്വാള്‍, എല്‍. മുരുകന്‍, കിരണ്‍ റിജിജു, സര്‍ബാനന്ദ സോനോവാള്‍, സഞ്ജീവ് ബലിയാന്‍, ജിതേന്ദ്ര സിങ്, ഭൂപേന്ദ്ര യാദവ് എന്നിവരാണ് ജനവിധി തേടുന്ന കേന്ദ്രമന്ത്രിമാര്‍. തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്, കോണ്‍ഗ്രസ് നേതാവും അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ നബാം തുകി എന്നിവരും ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നു.
കേന്ദ്രറോഡ് ഗതാഗത- ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി മഹാരാഷ്‌ട്രയിലെ നാഗ്പൂര്‍ മണ്ഡലത്തില്‍ ഹാട്രിക് വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഏഴ് തവണ എംപിയായ വിലാസ് മുട്ടേംവാറിനെ 2.84 ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ് 2014ല്‍ നിതിന്‍ ഗഡ്കരി നാഗ്പൂരില്‍ വിജയക്കൊടി പാറിച്ചത്. 2019 ല്‍ നിലവിലെ മഹാരാഷ്‌ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാപട്ടോളെയെ 2.16 ലക്ഷം വോട്ടിന് പരാജയപ്പെടുത്തി സീറ്റ് നിലനി ര്‍ത്തുകയുമായിരുന്നു.
കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അസമിലെ ദിബ്രുഗഡില്‍ നിന്നാണ് മത്സരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ സഞ്ജീവ് ബലിയാന്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നിന്നും ജിതേന്ദ്രസിങ് ജമ്മുകശ്മീരിലെ ഉധംപൂരില്‍ നിന്നും ഭൂപേന്ദ്രയാദവ് രാജസ്ഥാനിലെ അല്‍വാറില്‍ നിന്നും മത്സരിക്കുന്നു. ഉധംപൂരില്‍ ഹാട്രിക് വിജയമാണ് ജിതേന്ദ്രസിങ് ലക്ഷ്യമിടുന്നത്. നിലവില്‍ രാജ്യസഭാംഗമാണ് ഭൂപേന്ദ്രയാദവ്. രാജസ്ഥാനിലെ ബിക്കാനീര്‍ മണ്ഡലത്തില്‍ നിന്നാണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ മത്സരിക്കുന്നത്. 2009, 2014, 2019ലും അദ്ദേഹം ഇവിടെ നിന്നാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ത്രിപുരയിലെ ത്രിപുര വെസ്റ്റില്‍ സിറ്റിങ് എംപിയും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാര്‍ ദേബ് ജനവിധി തേടുന്നു.
കേന്ദ്രമന്ത്രി കിരണ്‍ റിജിജു അരുണാചല്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് അഞ്ചാം തവണയാണ് ജനവിധി തേടുന്നത്. 2004, 2014, 19ലും അദ്ദേഹം തന്നെയാണ് ഇവിടെ വിജയിച്ചത്. മുന്‍ മുഖ്യമന്ത്രിയും അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റുമായ നബാം തുകിയാണ് റിജിജുവിന്റെ പ്രധാന എതിരാളി.