എന്റെ മനസിലെ കുഴികൊണ്ടാരും മരിക്കില്ല, റോഡിലെ കുഴിയാണ് അപകടകരം ; മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയുമായി വി.ഡി സതീശൻ

കൊച്ചി: തന്റെ മനസിലെ കുഴികൊണ്ടാരും മരിക്കുന്നില്ലന്നും റോഡിലെ കുഴിയാണ് അപകടകരമെന്നും പ്രതിപ്ക്ഷ നേതാവ് വി ഡി സതീശൻ. വി ഡി സതീശന്റെ മനസിലാണ് കുഴിയെന്ന പറഞ്ഞ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുള്ള മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞ്.
കുഴി അടയ്ക്കണമെന്ന് പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവിന്റെ മനസിലെ കുഴി അടയ്ക്കണമെന്നാണ് മന്ത്രി പറയുന്നത്. എന്റെ മനസിലെ കുഴി കൊണ്ട് ആരും മരിക്കാനൊന്നും പോകുന്നില്ല. പക്ഷെ റോഡിലെ കുഴി അപകടകരമാണ്. അത് അടയ്ക്കണം.

സർക്കാരിന്റെ തെറ്റ് തിരുത്തുകയും അശ്രദ്ധയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടുകയുമാണ് പ്രതിപക്ഷത്തിന്റെ ജോലി. മന്ത്രി എന്തിനാണ് വിമർശനങ്ങളെ വ്യക്തിപരമായി എടുക്കുന്നത്? ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം, എനിക്ക് ജയിലിൽ പോയി പരിചയമില്ല, കൊതുക് കടി കൊണ്ടിട്ടില്ല, ഒളിവിൽ പോയിട്ടില്ല എന്നൊക്കെയാണ് പറയുന്നത്. റോഡിലെ കുഴികളെ കുറിച്ച് സംസാരിക്കാൻ ജയിൽ പോകേണ്ട ആവശ്യമുണ്ടോ? ഇനി ഞാൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തില്ലെന്ന ആക്ഷേപം കൂടി ഈ മന്ത്രി പറയും. മന്ത്രിക്ക് അസഹിഷ്ണുതയാണ്. അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴിയെന്ന് പറയും. ഉത്തരം കിട്ടാതെ വരുമ്പോൾ കൊഞ്ഞനം കുത്തിക്കാണിക്കുകയാണ്. അദ്ദേഹം കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രി ആയത് കൊണ്ടാണ് ഈ ചോദ്യങ്ങൾ ചോദിച്ചത്. വെറും മുഹമ്മദ് റിയാസായിരുന്നെങ്കിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കില്ലായിരുന്നു. ചോദിച്ച മൂന്ന് ചോദ്യങ്ങൾക്കും മറുപടി നൽകാതെ വിഷയത്തെ മന്ത്രി വ്യക്തിപരമായി എടുത്തിരിക്കുകയാണ്.ദേശീയപാതയിലും പൊതുമരാമത്ത് റോഡുകളിലും ഉണ്ടാകുന്ന കുഴികളിൽ വീണ് ആളുകൾ മരിക്കുകയും കൈകാലുകൾ ഒടിഞ്ഞ് പരിക്കേൽക്കുകയും ചെയ്യുന്നത് ഗൗരവകരമായ വിഷയമാണ്. കുഴിയിൽ വീണ് ഒരാൾ മരിച്ചതും റോഡിന്റെ ശോച്യാവസ്ഥയും മാധ്യമങ്ങളെല്ലാം വാർത്തായാക്കുകയും നിരവധി തവണ ഹൈക്കോടതി സർക്കാരിനെ വിമർശിക്കുകയും ചെയ്തു. ഇവർക്കെല്ലാം സർക്കാരിനെതിരെ പറയാം, പക്ഷെ പ്രതിപക്ഷം ഇത് പറയാൻ പാടില്ലെന്നത് മന്ത്രിയുടെ അസഹിഷ്ണുതയാണെന്നും വി ഡി സതീശൻ പറഞ്ഞു.

Exit mobile version