ഉയർന്ന പിഎഫ്‌ പെൻഷൻ ; ആദ്യ വിജ്ഞാപനം പെൻഷൻകാർക്ക്‌ ; അപേക്ഷ ഓൺലൈനായി നല്‍കാം.

ന്യൂഡൽഹി
ശമ്പളത്തിന്‌ ആനുപാതികമായി ഉയർന്ന പിഎഫ്‌ പെൻഷൻ നൽകാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇപിഎഫ്‌ഒ വ്യാഴാഴ്‌ച പുറപ്പെടുവിച്ച ആദ്യ വിജ്ഞാപനത്തിൽ നിലവിൽ സർവീസിൽ തുടരുന്നവർക്ക്‌ ഓപ്‌ഷനുള്ള അവസരം നൽകിയിട്ടില്ല. ശമ്പളത്തിന്‌ ആനുപാതികമായി ഉയർന്ന വിഹിതം അടച്ച്‌ വിരമിച്ചവർക്കും ഉയർന്ന പെൻഷനായുള്ള ഓപ്‌ഷൻ നൽകി 2014 സെപ്‌തംബർ ഒന്നിനുമുമ്പായി വിരമിച്ചവർക്കുമാണ്‌ ആദ്യ വിജ്ഞാപനത്തിൽ അപേക്ഷിക്കാൻ അവസരം .

ഇപിഎഫ്‌ പെൻഷൻ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള ഉയർന്ന വിഹിതം അടയ്‌ക്കുന്ന സർവീസിലുള്ള ജീവനക്കാർക്ക്‌ ഓപ്‌ഷന്‌ നാലുമാസത്തെ സാവകാശം അനുവദിക്കാൻ സുപ്രീംകോടതിയുടെ നവംബർ നാലിലെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ കാലാവധി മാർച്ച്‌ മൂന്നിനാണ്‌ അവസാനിക്കുക. സർവീസിലുള്ളവർക്ക്‌ ഉയർന്ന പെൻഷനായുള്ള ഓപ്‌ഷൻ സമർപ്പിക്കുന്നതിന്‌ അവസരമൊരുക്കി മറ്റൊരു വിജ്ഞാപനം ഇപിഎഫ്‌ഒ വൈകാതെ പുറപ്പെടുവിക്കുമെന്നാണ്‌ സൂചന.


Exit mobile version