ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൗതികമായ സാന്നിദ്ധ്യം വിടവാങ്ങുമ്പോഴും ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്നും നിയമസഭയില്‍ ഉമ്മന്‍ചാണ്ടിയുടെ അനുശോചന പ്രസംഗത്തില്‍ വ്യക്തമാക്കി.

ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ ആവര്‍ത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തില്‍ അഞ്ച് പതിറ്റാണ്ടിലേറെ പൂര്‍ത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട 12 തവണകളില്‍ ഒരു തവണ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. 53 വര്‍ഷക്കാലത്തോളം നിയമസഭാ സാമാജികനായി തുടരുക. ഇതൊക്കെ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വം പേര്‍ക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂര്‍വം നിയമസഭാ സാമാജികരുടെ നിരയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളില്‍ അദ്ദേഹം നേടിയ വിജയത്തിന്റെ തെളിവാണ്.

1970 ല്‍ ഞാനും ഉമ്മന്‍ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗങ്ങളായത്. എന്നാല്‍, ഞാന്‍ മിക്കവാറും വര്‍ഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവര്‍ത്തനരംഗത്തായിരുന്നു. ഇടയ്‌ക്കൊക്കെ സഭയിലും. എന്നാല്‍, ഉമ്മന്‍ചാണ്ടി ആദ്യം സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ക്കിങ്ങോട്ട് എന്നും ഈ സഭയിലെ അംഗമായിതന്നെ തുടര്‍ന്നു. പല കോണ്‍ഗ്രസ് നേതാക്കളും  കെ കരുണാകരനും എ കെ ആന്റണിയുമടക്കം  പാര്‍ലമെന്റംഗങ്ങളായും മറ്റും പോയിട്ടുണ്ട്. എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് എന്നും പ്രിയങ്കരം കേരള നിയമസഭയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഈ സഭ വിട്ടുപോയതുമില്ല. കേരളജനതയോടും കേരള നിയമസഭയോടും അദ്ദേഹത്തിനുണ്ടായിരുന്ന  ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായപ്പോഴും അദ്ദേഹം കേരളത്തില്‍ കേന്ദ്രീകരിച്ചു തന്നെ പ്രവര്‍ത്തിക്കാനിഷ്ടപ്പെട്ടു. കേരളം വിട്ടുപോവാത്ത മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.

രാഷ്ട്രീയമായി ഇരുചേരികളില്‍ നില്‍ക്കുമ്പോഴും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവുമുണ്ടായിരുന്നില്ല. 2016 ല്‍ മുഖ്യമന്ത്രിയാകണമെന്ന് എല്‍ ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി നിശ്ചയിച്ചതിനെ തുടര്‍ന്ന് ഞാന്‍ ആദ്യം പോയി സന്ദര്‍ശിച്ചത് അതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ ആയിരുന്നു. രണ്ടു തവണ ഈ സഭയുടെ നാഥനായിരുന്ന അദ്ദേഹത്തില്‍ നിന്നും സഭയുടെ നടത്തിപ്പില്‍ ഉള്‍പ്പെടെ മികച്ച സഹകരണമാണ് ഉണ്ടായിട്ടുള്ളത്.

കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് എന്നും ഉമ്മന്‍ചാണ്ടിയെ നയിച്ചത്. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കല്‍പിക്കാതെ ആരോഗ്യം പോലും നോക്കാതെ പൊതുമണ്ഡലത്തില്‍ വ്യാപരിക്കുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം. രോഗാതുരനായ ഘട്ടത്തില്‍പ്പോലും ഏറ്റെടുത്ത കടമകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പൊതുപ്രവര്‍ത്തനത്തോടുള്ള ഉമ്മന്‍ചാണ്ടിയുടെ ഈ ആത്മാര്‍ത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണ്.

കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിച്ച, നാലാം നിയമസഭ മുതല്‍ ഇപ്പോഴത്തെ പതിനഞ്ചാം നിയമസഭ വരെ തുടര്‍ച്ചയായി കേരള നിയമസഭയുടെ അംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ കേരള നിയമസഭയ്ക്കുള്ള അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും  മുഖ്യമന്ത്രി പറഞ്ഞു

Exit mobile version