ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി.

പാലക്കാട്: ഇന്നലെ ബെംഗളൂരു-കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. സർവീസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായി നടത്തിയ പരീക്ഷണ ഓട്ടമാണ് വിജയകരമായി പൂർത്തിയാക്കിയത്.

ഉദയ് എക്സ്പ്രസ് സീരിസിലെ ആദ്യ ഡബിൾ ഡെക്കർ എസി ചെയർ കാറിന്റെ സവിശേഷതകളേറെയാണ്. ബെർത്ത് ഇല്ലാതെ പകൽ യാത്രകൾക്ക് അനുയോജ്യമാകുന്ന തരത്തിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എസി ഇരുനില ട്രെയിനുകളാണ് ഡബിൾ ഡെക്കർ. സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് രണ്ടടി വരെ ഉയരം കൂടുതലാണ് ഈ ട്രെയിനിന്. കാലുകൾ നീട്ടി വയ്‌ക്കാൻ സാധിക്കുന്ന വിധത്തിലാണ് ട്രെയിനിന്റെ രൂപകൽപ്പന. ഇരുനിലകളിലും ഇത്തരത്തിൽ സീറ്റുകളുണ്ടാകും. 12 മുതൽ 16 കോച്ചുകൾ വരെയാണ് ട്രെയിനിന് ഉണ്ടാകുക.

ഇന്നലെ രാവിലെ എട്ടോടെ കോയമ്പത്തൂരിൽ നിന്നും പരീക്ഷണയോട്ടം ആരംഭിച്ചു. പൊള്ളാച്ചിയിലൂടെ 11.05-ന് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലും 11.10-ന് പാലക്കാട് ജംഗ്ഷനിലും എത്തിയ ട്രെയിൻ 1.20-നാണ് മടക്കയാത്ര ആരംഭിച്ചത്. 3.45-ഓടെ കോയമ്പത്തൂരിലെത്തി. സേലം, പാലക്കാട് ഡിവിഷനുകൾ ഉൾപ്പെടുത്തിയാണ് പരീക്ഷണ ഓട്ടം നടത്തിയത്.

Exit mobile version