ഉദയ്പൂർ കൊലപാതകത്തിന്റെ അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എൻഐഎ; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ നൂപുർ ശർമയെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടയാളെ കൊലപ്പെടുത്തിയ സംഭവം ഏറ്റെടുക്കാനൊരുങ്ങി എൻഐഎ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുമെന്നാണ് സൂചന. എൻഐഎ സംഘം ഉദയ്പൂരിൽ എത്തി. ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും. കൊലപാതകത്തിന് പിന്നിൽ ഭീകരവാദികൾക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് എൻഐഎ ഏറ്റെടുക്കുന്നത്.

ബിജെപിയിൽ നിന്ന് പുറത്താക്കിയ മുൻ വക്താവ് നൂപുർ ശർമയെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട തയ്യൽക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ രണ്ട് പേരെ രാജസ്ഥാൻ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പട്ടാപ്പകലാണ് കനയ്യലാലിനെ കൊലപ്പെടുത്തി തലയറുത്തുമാറ്റിയത്. രാജസമന്തയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ സംഘം ശേഖരിക്കും. അതേസമയം, സംഘർഷ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഇന്റർനെറ്റ് സേവനം റദ്ദാക്കി. ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ ഉദയ്പൂരിൽ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ അ​ഗ്നിക്കിരയാക്കിയിരുന്നു. പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ നിരവധി പോലീസുകാർക്കും പരിക്കേറ്റു.

കനയ്യലാലിനെ കൊലപ്പെടുത്തിയതിന് ശേഷം കൊലയാളികൾ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും കൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. മുഹമ്മദ് റിയാസ് അക്തർ, മുഹമ്മദ് ഘോഷ് എന്നിവരാണ് കൃത്യം നടത്തിയത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ റാപിഡ് ആക്ഷൻ ഫോഴ്സിന്റെ അഞ്ച് കമ്പനിയെ ഉദയ്പൂരിൽ വിന്യസിച്ചു. ജയ്പൂരിൽ നിന്ന് രണ്ട് എഡിജിപിമാരെയും ഒരു എസ്പിയും 600 പോലീസുകാരെയും പ്രത്യേകം വിന്യസിച്ചതായി രാജസ്ഥാൻ ലോ ആൻഡ്  ഓർഡർ എഡിജി അറിയിച്ചു. അടുത്ത 24 മണിക്കൂർ നേരത്തേക്ക് ഉദയ്പൂരിലെ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയിരിക്കുകയാണ്.

Exit mobile version